മൊബൈല്‍ ചാറ്റിങ് വഴി പരിചയപ്പെട്ടു; സര്‍ക്കാര്‍ ജീവനക്കാരിയെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഹോട്ടലില്‍ മൂന്ന് ദിവസം പീഡിപ്പിച്ചു; ചിത്രങ്ങള്‍ എടുത്ത് ഭീഷണി; കേസായപ്പോള്‍ കൗണ്‍സിലര്‍ ഒളിവില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ഹോട്ടലില്‍ കൊണ്ടുവന്ന് മൂന്ന് ദിവസം പീഡിപ്പിച്ച കേസിലെ പ്രതിയായ ഹരിപ്പാട് നഗരസഭയിലെ കൗണ്‍സിലര്‍ ഒളിവില്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍ മിത്രയാണ് ഒളിവില്‍ പോയത്. തിരുവനന്തപുരം സ്വദേശിനിയായ സാമൂഹികക്ഷേമ വകുപ്പിലെ ജീവനക്കാരിയെ ഹരിപ്പാട് നഗരസഭാ പരിധിയില്‍ ജോലി ചെയ്തിരുന്ന സമയത്തു കൗണ്‍സിലര്‍ വാഹനത്തില്‍ കൊണ്ടുവന്ന് അടൂരിലെ ഹോട്ടലില്‍ വച്ചു മൂന്നു ദിവസങ്ങളില്‍ പീഡിപ്പിച്ചതായിട്ടാണ് കേസ്.

ഒന്നര വര്‍ഷം മുന്‍പായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ ചാറ്റിങ് വഴിയാണു രണ്ടു പേരും പരിചയപ്പെടുന്നത്. ഈ പരിചയത്തിലൂടെ ജീവനക്കാരിയെ വശത്താക്കിയ ശേഷമാണ് അടൂരില്‍ എത്തിച്ചു പീഡിപ്പിച്ചത്. ആദ്യം പീഡിപ്പിച്ച ദിവസം കൗണ്‍സിലര്‍ മൊബൈലില്‍ ചില ഫോട്ടോകള്‍ എടുത്തിരുന്നത്രെ. ഇത് എല്ലാവരെയും കാണിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയാണു പിന്നീട് രണ്ടു ദിവസങ്ങളില്‍ പീഡിപ്പിച്ചതെന്നും ജീവനക്കാരി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

പീഡനത്തിനു ശേഷവും ഈ ഭീഷണി തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതു സഹിക്ക വയ്യാതായപ്പോഴാണ് ഡിജിപിക്കു പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കൗണ്‍സിലറെ പിടികൂടാന്‍ സിഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഹരിപ്പാട്ട് പോയെങ്കിലും കണ്ടെത്താനായില്ല. മൊഴി നല്‍കാനായി എത്തിയ ജീവനക്കാരിയെ ഇന്നലെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കുകയും കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

pathram:
Related Post
Leave a Comment