ചെങ്കല്‍പ്പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ല; അണ്ണാനഗര്‍ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു

ചെന്നൈ: തമിഴ്നാട്ടില്‍ കാഞ്ചീപുരം ചെങ്കല്‍പ്പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ട റാന്നിയില്‍ നിന്ന് കാണാതായ ജെസ്നയുടേതല്ലെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ചെന്നൈ അണ്ണാനഗര്‍ സ്വദേശിയുടേതാണ്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മെയ് 26 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. നേരത്തെ തന്നെ ജെസ്നയുടെ സഹോദരന്‍ മൃതദേഹം ജെസ്നയുടേതല്ലെന്ന് പറഞ്ഞിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ പഴവേലിയിലെ റോഡരികില്‍ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോള്‍ സംഘത്തിന്റെ കണ്ണില്‍പ്പെട്ടത്. മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടര്‍ന്ന് അര കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലില്‍നിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോള്‍ സംഘത്തെ കണ്ട് രണ്ടുപേര്‍ ഓടിപ്പോയതായി പൊലീസ് പറയുന്നു.

ജെസ്നയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുള്‍പ്പെടെ കേരള ഡിജിപി തമിഴ്നാട്, കര്‍ണാടക പൊലീസിനു കൈമാറിയിരുന്നു. ജെസ്നയുടേതായ ചെറിയ സാമ്യതകള്‍ കണ്ടതിനെത്തുടര്‍ന്നാണ് ചെങ്കല്‍പേട്ട് ഡിവൈഎസ്പി കേരള പൊലീസിനു വിവരം കൈമാറിയത്.

പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ (20) കാണാതയിട്ട് ഇന്നേക്ക് 72 ദിവസമാകുന്നു. മാര്‍ച്ച് 22ന് രാവിലെ 9.30ന് വീട്ടില്‍ നിന്നു മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകള്‍ ഏറെയാണ്.

pathram desk 1:
Related Post
Leave a Comment