മുംബൈ: ഐപിഎല്‍ വാതുവെയ്പ് കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ കുറ്റ സമ്മതം നടത്തി. ആറു വര്‍ഷമായി വാതുവയ്പില്‍ താന്‍ സജീവമാണെന്ന് അര്‍ബാസ് ഖാന്‍ വ്യക്തമാക്കി. തനിക്ക് മൂന്നു കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മൊഴി നല്‍കി. ഇന്നു രാവിലെയാണ് താനെ പോലീസ് സ്റ്റേഷനില്‍ അര്‍ബാസ് ഖാന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. വാതുവയ്പുമായി ബന്ധപ്പെട്ട് സോനു ജലാന്‍ എന്ന വാതുവയ്പുകാരന്‍ അറസ്റ്റിലായതോടെയാണ് അര്‍ബാസ് ഖാന്റെ പങ്ക് പുറത്തുവന്നത്.
ഒരു നിര്‍മ്മാതാവും വാതുവയ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചനയും അര്‍ബാസ് നല്‍കി. വാതുവയ്പ തനിക്ക് വിനോദമാണ്. വര്‍ഷങ്ങളായി ക്രിക്കറ്റില്‍ വാതുവയ്പ് നടത്തുന്നു. സോനു ജലാനന് 2.8 കോടി രുപ നഷ്ടപ്പെട്ടിരുന്നു. ഈ പണം നല്‍കിയില്ലെങ്കില്‍ തന്റെ വാതുവയ്പ് ഇടപാട് പുറത്തുവിടുമെന്ന് സോനു ഭീഷണിപ്പെടുത്തിയിരുന്നു.
അഞ്ചംഗ അന്വേഷണ സംഘമാണ് അര്‍ബാസിനെയും സോനുവിനെയും ചോദ്യം ചെയ്യുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് വാതുവയ്പുമായുള്ള ബന്ധം അര്‍ബാസിന് അറിയാമോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇടപാടില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഖാന്റെ കുടുംബത്തിന് അറിവുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനു ജലാനിനെതിരെ ഐപിസി 420, 465, 468, 471, 34, ഐ.ടി ആക്ട് 66എ, ചൂതാട്ട നിരോധന നിയമം 4(എ)5 എന്നിവ പ്രകാരം കേസെടുത്തിരുന്നു.
Leave a Comment