കെവിന്‍ വധക്കേസില്‍ അഞ്ചു പേര്‍ കൂടി പിടിയില്‍; നീനുവിന്റെ മാതാവ് രഹ്ന പോലീസ് കസ്റ്റഡിയിലെന്ന് സൂചന

കോട്ടയം: കെവിന്‍ വധക്കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം 14 ആയി. ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസന്‍ എന്നിവരെയാണു ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഷാനു, ഷിനു, വിഷ്ണു, എന്നിവരെ കോയമ്പത്തൂരില്‍ നിന്നും റമീസ്, ഹസന്‍ എന്നിവരെ പുനലൂരില്‍ നിന്നുമാണ് കൊല്ലം പോലീസ് പിടികൂടിയത്.

കേസില്‍ പിടിയിലായവരെ കൊല്ലത്തേക്ക് ഇന്നലെ രാത്രിയോടെ എത്തിച്ചു. കോട്ടയത്തു നിന്നുള്ള അന്വേഷണ സംഘം പ്രതികളെ ഇന്നു പ്രതികളെ ഏറ്റു വാങ്ങി കോടതിയില്‍ ഹാജരാക്കും. അതേസമയം കേസില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ പങ്കാളിത്തം ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

കേസിലെ പ്രധാനപ്രതി ഷാനു ചാക്കോയും അയാളുടെ കൂട്ടുകാരും ബന്ധുക്കളുമാണ് കേസില്‍ പങ്കാളികളായിരിക്കുന്നതെന്നും പോലീസ് പറയുന്നു. നേരത്തേ ഒന്നര ലക്ഷത്തിന്റെ ക്വട്ടേഷന്‍ ആണ് ഇതെന്ന് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം പറയുന്നത് കേട്ടിരുന്നതായി അനീഷ് നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു. വെള്ളിയാഴ്ച അക്രമിസംഘം സഞ്ചരിച്ച വാഹനത്തില്‍ നിന്നും വടിവാള്‍ കണ്ടെടുത്തിരുന്നു.

അനീഷിന്റെ വീടു തകര്‍ത്ത് അകത്തു കയറിയപ്പോള്‍ കഴുത്തില്‍ വെച്ച വടിവാളാകാം ഇതെന്നാണ് പോലീസ് കരുതുന്നത്. കേസില്‍ ഇനി നീനുവിന്റെ മാതാവിനെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അവര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഷാനുവും പിതാവും കീഴടങ്ങാനെത്തിയത് മാതാവിനെ ഒളിപ്പിച്ച ശേഷമായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment