നിപ്പയില്‍ ആശ്വാസ വാര്‍ത്ത എത്തി, രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി സുഖം പ്രാപിച്ചു

കോഴിക്കോട്: നിപ്പ വൈറസ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥി പൂര്‍ണമായും സുഖം പ്രാപിച്ചതായി അറിയുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നു കണ്ടെത്തിയതായി മെഡിക്കല്‍ ടീം അംഗങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് നിപ്പാ ബാധ ഉണ്ടായ ശേഷം ആദ്യമായാണ് ഒരാള്‍ പൂര്‍ണമായും രോഗമുക്തയാവുന്നത്.

പഠനത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ നിയോഗിക്കപ്പെട്ടിരുന്ന നഴ്സിങ് വിദ്യാര്‍ഥിയാണ് നിപ്പ ബാധിതയായത്. രണ്ടാഴ്ചയായി ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ ആവര്‍ത്തിച്ചുള്ള പരിശോധനാ ഫലങ്ങള്‍ നെഗറ്റിവ് ആണെന്നു കണ്ടെത്തിയതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.

ചെറിയ ഇടവേളയ്ക്കു ശേഷം സമീപ ദിവസങ്ങളിലെ നിപ്പാ മരണങ്ങള്‍ സംസ്ഥാനത്ത് ഭീതി പടര്‍ത്തുന്നതിനിടെ ഒരു രോഗി സുഖം പ്രാപിച്ച വാര്‍ത്ത അധികൃതരില്‍ വലിയ ആശ്വാസമുണ്ടാക്കിയിട്ടുണ്ട്. ജനങ്ങളിലുണ്ടായ ഭീതി അകലാന്‍ ഒരു പരിധി വരെ ഇതിനു കഴിയുമെന്നാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

നിപ്പാ വൈറസ് ബാധിച്ചു ചികിത്സയിലുള്ള ഒരാള്‍ കൂടി രോഗവിമുക്തിയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. ഇത് ഉടന്‍ സ്ഥിരീകരിക്കാനാവുമെന്ന് മെഡിക്കല്‍ കോളജ് വൃത്തങ്ങള്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment