നിപ്പ: സ്ഥിതി അതീവ ഗുരുതരം; തടയാനാവാതെ ആരോഗ്യ വകുപ്പ്; ആശുപത്രി ജീവനക്കാര്‍ക്ക് അവധി; അടുത്ത് ഇടപഴകിയവര്‍ റിപ്പോര്‍ട്ട് ചെയ്യണം; പുതിയ മരുന്ന് ഇന്നെത്തും

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിപ്പ വൈസ് ബാധയെ തുടര്‍ന്ന് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം വന്നത്. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. ഒപി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും കഴിഞ്ഞ രണ്ടുദിവസമായി മരിച്ച മൂന്നുപേരുമായി അടുത്ത് ഇടപഴകിയവര്‍ നിപ്പ സെല്ലുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ഓസ്‌ട്രേലിയയില്‍നിന്ന് ഇന്നു കോഴിക്കോട്ടെത്തും.

11 ദിവസം, 17 മരണം. നിപ്പ വൈറസാണ് വില്ലനെന്നു കണ്ടെത്താനായെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താനോ പകരുന്നതു തടയാനോ ആരോഗ്യവകുപ്പിനായിട്ടില്ല. കഴിഞ്ഞ ദിവസം മരിച്ച റസിനു വൈറസ് പകര്‍ന്നതു ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നാണ്. ഇതു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നും മാത്രമാണു വൈറസ് പകര്‍ന്നതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ഇതുവരെയുള്ള കണക്കൂകൂട്ടല്‍.

1353 പേരാണു നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. രണ്ടു പേര്‍ ചികില്‍സയിലുണ്ട്. ഒന്‍പതു പേര്‍ നിരീക്ഷണത്തിലും. ഓസ്‌ട്രേലിയയില്‍നിന്നു വൈറസിനെ പ്രതിരോധിക്കാനുള്ള 50 ഡോസ് മരുന്ന് ഇന്നെത്തും. ഒരാള്‍ക്ക് മൂന്നു ഡോസ് മരുന്നു മതിയാകും.

നിപ്പ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നല്‍കിയ പുതിയ അറിയിപ്പ്

കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും സിടി സ്‌കാന്‍ റൂമിലും വെയിറ്റിങ് റൂമിലും മെയ് അഞ്ചിനു രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയും 14നു രാത്രി 7 മുതല്‍ രാത്രി 9 വരെയും 18, 19 തീയതികളില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഉച്ചയ്ക്ക് 2 വരെയും സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ സ്‌റ്റേറ്റ് നിപ്പാ സെല്ലില്‍ ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ്പ രോഗം ബാധിച്ചിരുന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നു. അതിന്റെ ഭാഗമായി അഖില്‍ (28 വയസ്സ്), റസില്‍ (25 വയസ്) എന്നിവരുമായി അടുത്ത സമ്പര്‍ക്കത്തില്‍ ആയിരുന്നവര്‍ നിപ്പ സെല്ലില്‍ വിളിച്ച് അറിയിക്കേണ്ടതാണ്.

pathram:
Leave a Comment