കോട്ടയം: കെവിന്റെ കൊലപാതകത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ്,ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച കെവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തിങ്കളാഴ്ച വൈകീട്ട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തെന്മലയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.
കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ രണ്ടു പേരാണ് തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ അറസ്റ്റിലായത്. ഇടമണ്‍ നിഷാന മന്‍സിലില്‍ നിയാസ് (23), റിയാസ് മന്‍സിലില്‍ റിയാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്ഐ ഇടമണ്‍ 34 യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളില്‍ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന. എന്നാല്‍ സംഭവത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഇയാളെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിരുന്നു. ഇഷാന്‍ എന്നയാളാണു നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. അതിനിടെ, കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് അക്രമിസംഘം പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ കെവിന്റെ മൃതദേഹം തെന്മലയിലെ നീര്‍ച്ചാലില്‍ കണ്ടെത്തുകയായിരുന്നു.
കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നട്ടാശേരിയിലെ വീട്ടിലെത്തിക്കും. പൊതുദര്‍ശനവും തുടര്‍ന്ന് വൈകിട്ട് മൂന്നിന് നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
Leave a Comment