20 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് അര്‍ജുന്‍ രാംപാലും മെഹറും

വിവാഹ വാര്‍ത്തകള്‍ക്കു മാത്രമല്ല, വിവാഹ മോചന വാര്‍ത്തകള്‍ക്കും ബോളിവുഡില്‍ യാതൊരു പഞ്ഞവുമില്ല. ദീര്‍ഘനാള്‍ ഒന്നിച്ചു ജീവിച്ചവര്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ വേര്‍പിരിഞ്ഞെന്നു കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ഒരുപക്ഷെ ഞെട്ടലായിരിക്കും. ഇത്തവണ അങ്ങനെ ഞെട്ടിച്ചത് ബോളിവുഡ് താരം അര്‍ജുന്‍ രാംപാലും ഭാര്യ മെഹര്‍ ജെസിയയുമാണ്.

ഇരുപതുവര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇരുവരും വേര്‍പിരിഞ്ഞു. ഇതേക്കുറിച്ച് സംയുക്തമായി വാര്‍ത്താകുറിപ്പും ഇറക്കി.

”20 വര്‍ഷം നീണ്ട യാത്രയില്‍ സ്നേഹനിര്‍ഭരവും മനോഹരവുമായ ഓര്‍മകളുണ്ട് ഞങ്ങള്‍ക്ക്. എല്ലാ യാത്രകള്‍ക്കും വ്യത്യസ്തങ്ങളായ വഴികളുണ്ട്. രണ്ടു ലക്ഷ്യങ്ങളിലേക്ക് തിരിയാന്‍ സമയമായി എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.

ഞങ്ങളുടെ ബന്ധം ഉള്ളിടത്തോളം കാലം ദൃഢമായിരുന്നു. ഇനിയും പരസ്പരവും, മറ്റു പ്രിയപ്പെട്ടവരോടും അങ്ങനെതന്നെയായിരിക്കും.

ജീവിതത്തില്‍ വളരെയധികം സ്വകാര്യത ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും. ഇത്തരത്തില്‍ ഒരു വാര്‍ത്താ കുറിപ്പ് ഇറക്കുന്നതില്‍ വല്ലായ്മയുണ്ട്. പക്ഷെ സാഹചര്യങ്ങള്‍ അത്തരത്തിലാണ്.

ഞങ്ങള്‍ ഒരു കുടുംബമാണ്. ഞങ്ങള്‍ക്കിടയിലെ സ്നേഹം എക്കാലത്തും നിലനില്‍ക്കും. പരസ്പരം എന്താവശ്യത്തിനും ഞങ്ങള്‍ ഒരുമിച്ചുണ്ടാകും. അതിലുപരി ഞങ്ങളുടെ പ്രിയപ്പെട്ട മക്കളായ മഹികയ്ക്കും മിറയ്ക്കും എപ്പോഴും ഞങ്ങള്‍ ഉണ്ടാകും. ഞങ്ങളുടെ സ്വകാര്യതയെ പരസ്പരം മാനിക്കും. എല്ലാ പിന്തുണയ്ക്കും നന്ദി. ബന്ധങ്ങള്‍ അവസാനിക്കാം, പക്ഷെ സ്നേഹം ജീവിക്കും. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകില്ല.”

മുന്‍ മോഡലുകളായ അര്‍ജുനും മെഹറും 1998ലാണ് വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പും ഇവര്‍ പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടന്‍ ഋത്വിക് റോഷന്‍ ഭാര്യ സൂസെനുമായി പിരിയാന്‍ കാരണം അര്‍ജുന്‍ രാംപാലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

pathram desk 2:
Related Post
Leave a Comment