ദുരഭിമാന കൊലപാതകം; സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം: കെവിന്റെ മരണം പോലീസ് അനാസ്ഥയെത്തുടര്‍ന്നാണെന്നാരോപിച്ച് യുഡിഎഫും ബി.ജെ.പിയും ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലാചരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശും അറിയിച്ചു.

കോട്ടയം മാന്നാനത്ത് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ഇരിങ്ങാലക്കുടിയില്‍ മകനെ തെരഞ്ഞെത്തിയ അക്രമികള്‍ വീട്ടില്‍ കയറി പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയതുമായ സംഭവങ്ങള്‍ കേരളത്തില്‍ നിയമവാഴ്ച പരിപൂര്‍ണ്ണമായും തകര്‍ന്നു എന്നതിന് തെളിവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു.

കെവിന്റെ ജീവന്‍ സംരക്ഷിക്കാന്‍ ഭാര്യ കേണപേക്ഷിച്ചിട്ടും പോലീസ് മുന്‍ഗണന നല്‍കിയത് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിനാണ്. ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്, അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ എന്നാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായെത്തിയ യുവതിയോട് പോലീസ് പറഞ്ഞ്. പരാതി ലഭിച്ചയുടന്‍ പോലീസ് അന്വേഷിച്ചിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയുമായിരുന്നു.പോലീസിന്റെ അനാസ്ഥയും അലംഭാവവുമാണ് കെവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടവരുത്തിയത്. കെവിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു പോലീസിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

ഇരിങ്ങാലക്കുടയില്‍ മകനുമായുള്ള വാക്കുതര്‍ക്കത്തിന്റെ പേരില്‍ അക്രമികള്‍ അര്‍ധരാത്രിയില്‍ വീട്ടില്‍ കയറി അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലും പോലീസിനു വീഴ്ചപറ്റി. പിണറായി വിജയന്റെ ഭരണ കാലത്ത് ജനങ്ങള്‍ക്ക് വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സ്വയം സുരക്ഷ ഒരുക്കാന്‍ മുഖ്യമന്ത്രി കാട്ടുന്ന വ്യഗ്രത ജനങ്ങളുടെ കാര്യത്തിലും കാണിക്കണം. തുടര്‍ച്ചയായി ഉണ്ടാകുന്ന പോലീസ് കസ്റ്റഡി മരണങ്ങളുടേയും കൊലപാതകങ്ങളുടേയും ധാര്‍മ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. അതിനാല്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

അതേസമയം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ട പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി. ആഭ്യന്തര വകുപ്പ് പിണറായി വിജയന് പറ്റിയ പണിയല്ലെന്നും ബിജെപി വക്താവ് എംഎസ് കുമാര്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ ദുരഭിമാനക്കൊലകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ പോലീസും കൂടി നിന്നുകൊണ്ട് ഇത്തരമൊരു ഇടപെടല്‍ നടന്നത് അങ്ങേയറ്റം അപമാനകരമാണ്. കേരളത്തിന്റെ ക്രമസമാധാന നില ഇത്രയധികം മോശമാക്കിയ പിണറായി വിജയന് ആഭ്യന്തരമന്ത്രിയായിരിക്കാന്‍ ഒട്ടും അര്‍ഹതയില്ലെന്നും എംഎസ് കുമാര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment