തമിഴ്നാട് സര്‍ക്കാര്‍ തൂത്തുക്കുടിയിലെ സ്റ്റര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടി

ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്താ ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ്. പ്ലാന്റ് പൂട്ടാനുള്ള തീരുമാനത്തെ സമരസമിതി സ്വാഗതം ചെയ്തു. സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധത്തില്‍ പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സമീപ പ്രദേശങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഉത്തരവ്. രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധ സമരങ്ങള്‍ക്കൊടുവിലാണ് പ്ലാന്റ് പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്.

സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനം അനുവദിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു സമരം. സമരത്തിന്റെ നൂറാംദിവസത്തില്‍ തൂത്തുക്കുടി കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിന നേര്‍ക്കാണ് പൊലീസ് വെയിവയ്ച്ചത്. ആദ്യദിവസം പത്തുപേര്‍ മരിക്കുകയും പിന്നീട് രണ്ടുദിവസങ്ങളിലായി നടന്ന വെടിലയ്പില്‍ മൂന്നുപേര്‍ കൂടി കൊല്ലപ്പെടുകയുമായിരുന്നു. സമര നേതാക്കളെ പൊലീസ് തെരഞ്ഞുപിടിച്ചു വെടിവച്ചുവെന്ന ആരോപണം ശക്തമാണ്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാതെ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ല എന്ന നിലപാടിലായിരുന്നു സമരസമിതി.

1996 ലാണ് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ വിവാദങ്ങളുടെ കേന്ദ്രവുമാണ് സ്ഥാപനം. പ്ലാന്റ് പ്രവര്‍ത്തനം മേഖലയിലെ പാരിസ്ഥിതികാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരക്കാര്‍ സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചത്. പക്ഷേ, പ്ലാന്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു.

pathram desk 2:
Leave a Comment