നവവരന്റെ കൊലപാതകം: പ്രതിരോധവുമായി ഡിവൈഎഫ്‌ഐ; പ്രതി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് സ്വരാജ്; രണ്ടുപേരെ സംഘടനയില്‍ നിന്ന് പുറത്താക്കി

കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത സംഭവത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് പുറത്താക്കി. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.യെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നും അവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവായിരുന്നുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നിയാസ് വധുവിന്റെ ബന്ധു എന്ന നിലയിലാണ് കൃത്യത്തില്‍ പങ്കെടുത്തത്. സംഭവമറിഞ്ഞയുടന്‍ സംഘടന ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ബന്ധുവായ ഇഷാനേയും പുറത്താക്കിയിട്ടുണ്ട്.

വധുവിന്റെ പിതാവ് ചാക്കോയും പരമ്പരാഗത കോണ്‍ഗ്രസ് അനുഭാവിയും പ്രവര്‍ത്തകനുമാണ്. വധുവിന്റെ ഉമ്മ രഹ്നയുടെ കുടുംബവും അറിയപ്പെടുന്ന കോണ്‍ഗ്രസ് അനുഭാവികളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയര്‍ത്തുന്നത് ഡി.വൈ.എഫ്.ഐ വിരോധം കൊണ്ടുമാത്രമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.

സംഭവം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായനിയമ നടപടി സ്വീകരിക്കണം. വീഴ്ചവരുത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെയും മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

സംഭവത്തില്‍ വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആയ എംഎസ് ഷിബുവിനേയും എഎസ്.ഐ യേയും സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റുകയും ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേതാണ് ഉത്തരവ്. ഹരിശങ്കറാണ് പുതിയ കോട്ടയം എസ്.പി.

കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കെവിന്റെ മരണം കോട്ടയം ഡിവൈഎസ്പിയാകും അന്വേഷിക്കുക. പോലീസിന്റെ വീഴ്ചയാണ് കെവിന്‍ മരണപ്പെടാന്‍ കാരണമെന്ന വിലയിരുത്തലിലാണ് പോലീസ്. അതിനാല്‍ വകുപ്പുതല നടപടികളും നിയമ നടപടികളും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകും.

കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ എന്നാണ് എസ്.ഐ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. പരാതി ലഭിച്ചയുടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പോലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി പോലീസ് സ്വീകരിച്ചില്ല.

ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പോലീസ്സ്‌റ്റേഷനിലെത്തി. എന്നാല്‍ ആ പരാതിയും പോലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മാത്രമാണ് പോലീസ് കേസെടുത്തത്. കെവിനൊപ്പം മര്‍ദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെയോടെ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.

pathram:
Related Post
Leave a Comment