ബ്രിട്ടണിലും ലാലേട്ടനാണ് താരം…!!! പത്രങ്ങളില്‍ നിറഞ്ഞ് മലയാള സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങള്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍- രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ബ്രിട്ടണില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ ആഘോഷമാക്കുകയാണ് ബ്രിട്ടനിലെ പ്രാദേശിക മാധ്യമങ്ങള്‍. ബോളിവുഡ് നടന്റെ സിനിമാ ഷൂട്ടിങ് എന്ന രീതിയിലാണ് വാര്‍ത്തകളെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുന്‍പ് പലവട്ടം ബ്രിട്ടനില്‍ മലയാള ചിത്രങ്ങളുടെ ലൊക്കേഷന്‍ വേദി ആയിട്ടുണ്ടെങ്കിലും അവയ്ക്കൊന്നിനും ലഭിക്കാത്ത സ്വീകരണമാണ് പേരിടാത്ത മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രത്തിന് ലഭിക്കുന്നത്.

ഇന്നലെ പുറത്തിറങ്ങിയ ഗെറ്റ് സറേയിലെ മിക്ക പ്രാദേശിക പത്രങ്ങളിലും ഈ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളാണ് നല്‍കിയിരിക്കുന്നത്. മലയാള സിനിമയെ മോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് മനസിലാകാതെ ബോളിവുഡ് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ ചോദ്യം ചെയ്തു ബ്രിട്ടനിലെ വായനക്കാരും കമന്റുകള്‍ വഴി ചോദ്യം ചെയ്തപ്പോള്‍ വാര്‍ത്തയും ഹിറ്റായി.

എന്നാല്‍ മോഹന്‍ലാല്‍ വെറും മോളിവുഡില്‍ ഒതുങ്ങി നില്‍ക്കുന്ന നടന്‍ അല്ലെന്നും ബോളിവുഡിലെ താരങ്ങളേക്കാള്‍ ദേശീയ അവാര്‍ഡ് വാങ്ങിയിട്ടുണ്ടെന്നും ബ്രഹ്മാണ്ഡ ചിത്രമായ മഹാഭാരതയില്‍ നായകന്‍ ആണെന്നും ബാഹുബലിയെ ബോളിവുഡ് എന്ന് വിശേഷിപ്പിക്കാമെങ്കില്‍ മോഹന്‍ലാല്‍ ചിത്രത്തെയും ബോളിവുഡ് എന്ന് പറയുന്നതില്‍ തെറ്റില്ലെന്നും ഒക്കെ ഓണ്‍ലൈന്‍ വായനക്കാര്‍ ചേരി തിരിഞ്ഞു.

മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകള്‍ നല്‍കിയിട്ടുള്ള മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഇതള്‍ വിരിയുന്ന സിനിമയെ കുറിച്ച് ഇതിനകം തന്നെ ഏറെ പ്രതീക്ഷകളാണ് സിനിമാലോകം പങ്കിടുന്നത്. മുന്‍പ് കാമ്പില്ലാത്ത കഥയുമായി യുകെയില്‍ ചിത്രീകരണം നടത്തിയ ഇംഗ്ലീഷ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകള്‍ ബോക്സ് ഓഫീസ് പരാജയമായതോടെ ഒട്ടേറെ യുകെ പ്രോജക്ടുകള്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു.

ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ യുകെയില്‍ ചിത്രീകരണത്തിനു എത്തുമ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്ത ആകാറുണ്ടെങ്കിലും ആദ്യമാണ് ഒരു മലയാള സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങള്‍ യുകെ പ്രാദേശിക പത്രങ്ങളില്‍ ഇടം പിടിക്കുന്നത്.

pathram desk 1:
Related Post
Leave a Comment