കോഴിക്കോട്: നിപ്പ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 175 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് ബാധിച്ച് മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍നിന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസുഖം കണ്ടെത്തിയ പതിനഞ്ചു പേരില്‍ 12 പേര്‍ മരിച്ചതായും മൂന്നു പേര്‍ ചികിത്സയിലാണെന്നും മന്ത്രി വ്യക്തമാക്കി.
നിപ്പ വൈറസ് ആദ്യം ബാധിച്ചെന്ന് കരുതുന്ന സാബിത്തിന്റെ രക്തം പരിശോധിച്ചിരുന്നില്ല. എന്നാല്‍ ഇയാളും നിപ്പ ബാധിച്ചു മരിച്ചതായാണ് കണക്കാകുന്നത്. അങ്ങനെയാണെങ്കില്‍ 13 മലയാളികള്‍ ഇതുവരെ നിപ്പ ബാധിച്ചു മരിച്ചിട്ടുണ്ട്. ആദ്യം അസുഖം വന്നു മരിച്ച സാബിത്ത്, സാലിഹ് എന്നിവരില്‍ നിന്നാണ് പിന്നീടുള്ള ഭൂരിപക്ഷം പേരിലേക്കും വൈറസ് പകര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
നിപ്പ വൈറസ് സംശയിച്ച് പരിശോധനയ്ക്കയച്ച നിരവധിയാളുകളുടെ രക്തപരിശോധനഫലം നെഗറ്റീവ് ആയതോടെ വൈറസ് ബാധയെ പിടിച്ചു കെട്ടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. വൈറസിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ് അടിസ്ഥാനമാക്കി ജൂണ്‍ അഞ്ച് വരെ പുതുതായി ആരിലും നിപ്പ വൈറസ് സ്ഥീരികരിച്ചില്ലെങ്കില്‍ രോഗം അവസാനിച്ചതായി കണക്കാക്കും എന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന അറിയിപ്പില്‍ പറയുന്നു.
വൈറസ് ബാധ വന്നയാളില്‍ അത് പടരാനുള്ള നിശ്ചിതസമയപരിധിയുണ്ട്. മൂന്ന് ദിവസം മുതല്‍ 21 ദിവസം വരെ ഇതിനായി വേണ്ടി വരും എന്നാണ് കണക്ക്. കേരളത്തില്‍ ആദ്യത്തെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സമയം വച്ചു നോക്കിയാല്‍ ഇപ്പോള്‍ ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ അത് തെളിയാന്‍ ജൂണ്‍ അഞ്ച് വരെ കാത്തിരിക്കണം. അതിനാല്‍ ജൂണ്‍ അഞ്ചിനകം പുതുതായി ആരിലും നിപ വൈറസ് സ്ഥിരീകരിക്കാത്ത പക്ഷം നിപ വൈറസ് അവസാനിച്ചതായി കണക്കാക്കാം എന്ന് ആരോഗ്യവകുപ്പിന്റെ അറിയില്‍ പറയുന്നു.
Leave a Comment