തൃശൂരും നിപ്പ വൈറസ് ഭീതിയില്‍!!! വവ്വാലുകള്‍ ചേക്കേറുന്ന ഒരേക്കര്‍ തേക്കിന്‍ തോട്ടം വെട്ടിനീക്കുന്നു

തൃശൂര്‍: നിപ്പ വൈറസ് ഭീതിമൂലം നാട്ടുകാര്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ആയിരക്കണക്കിനു വവ്വാലുകള്‍ ചേക്കേറിയ തൃശൂര്‍ നഗരമധ്യത്തിലെ ഒരേക്കര്‍ തേക്കിന്‍തോട്ടം വെട്ടിനീക്കാന്‍ ഭൂഉടമ തീരുമാനിച്ചു. തൃശൂര്‍ നഗരഹൃദയത്തിലാണ് ഈ വവ്വാല്‍ക്കൂട്ടം ചേക്കേറുന്നത്. ഇക്കണ്ടവാരിയര്‍ റോഡിലുള്ള ഒരേക്കറില്‍ ഇവര്‍ ചേക്കേറി തുടങ്ങിയിട്ട് പത്തു വര്‍ഷമായി.

വവ്വാല്‍ തിന്നുന്ന പഴങ്ങളുടെ ബാക്കി വീട്ടുമുറ്റങ്ങളില്‍ വീഴുന്നത് പതിവായിരുന്നു. വവ്വാല്‍ കാഷ്ടങ്ങള്‍ മുറ്റത്തു വീഴുന്നതും പരിസരങ്ങളിലെ വീട്ടുകാര്‍ക്ക് ശല്യം സൃഷ്ടിച്ചിരുന്നു. നിലവില്‍ നിപ്പ വൈറസ് ഭീതികൂടി വന്നതോടെ നാട്ടുകാര്‍ അങ്കലാപ്പിലായി. സ്ഥലം കൗണ്‍സിലറും മുന്‍ മേയറുമായ രാജന്‍ ജെ പല്ലന് ഫോണ്‍വിളിയുടെ പ്രവാഹമായി.

തുടര്‍ന്ന് കൗണ്‍സിലര്‍ ഉടനെതന്നെ സ്ഥലം ഉടമയുമായി ബന്ധപ്പെട്ടു. കണ്ണൂര്‍ തലശേരി സ്വദേശിയുേടതാണ് ഒരേക്കര്‍ തേക്കുത്തോട്ടം. നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്ത് തേക്കുമരം വെട്ടാന്‍ ഉടമ തീരുമാനിച്ചു. ഇതിനായി, വനംവകുപ്പിന്റെ അനുമതി തേടും.

pathram desk 1:
Related Post
Leave a Comment