തെക്കന്‍ കര്‍ണാടകയില്‍ ജെ.ഡി.എസ് മുന്നേറ്റം; ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നില്‍

ബംഗളൂരു: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ ജനതാദള്‍ എസ് നിര്‍ണായക ശക്തിയാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും ശക്തമായ മുന്നേറ്റമാണ് ഇവിടങ്ങളില്‍ ജെഡിഎസ് നടത്തുന്നത്.

മൈസൂരുവിലെ 16 സ്ഥലത്ത് ജെഡിഎസ് മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ആറ് സ്ഥലത്തു മാത്രമാണ് ലീഡ് ചെയ്യുന്നത്. ആദ്യ ഫലസൂചനകള്‍ അനുസരിച്ച് കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.

തീരദേശ മേഖലകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുന്നു. ഹൈദരാബാദ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടു മണ്ഡലത്തിലും പിന്നിലാണ്. ചാമുണ്ഡേശ്വരിയിലും ബദാമിയിലുമാണ് അദ്ദേഹം മത്സരിക്കുന്നത്.

224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. രണ്ടു സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച കര്‍ണാടകയില്‍ തൂക്കുസഭയാകുമെന്നാണു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

അതേസമയം, സര്‍ക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലാണു ബിജെപിയും കോണ്‍ഗ്രസും. കോണ്‍ഗ്രസ് വിജയമുറപ്പെന്ന് മാത്രം പറയുമ്പോള്‍ ഒരുപടികൂടി കടന്ന ബിജെപി, പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ തീയതിവരെ പ്രഖ്യാപിച്ചിരിക്കുകയാണ്.

pathram desk 1:
Related Post
Leave a Comment