പട്ടിണി കിടന്ന് മടുത്തു… മരിക്കാന്‍ അനുവദിക്കണം!!! ട്രാന്‍സ്‌ജെന്‍ഡര്‍ കളക്ടര്‍ക്കെഴുതിയ കത്ത് ചര്‍ച്ചയാകുന്നു

തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ തൃപ്രയാര്‍ എടമുട്ടം സ്വദേശി സുജി (സുജിത്കുമാര്‍) ജീവിക്കാന്‍ മാര്‍ഗമില്ലാതെ അലയുന്നു. ഈ വിവരം കാണിച്ച് തൃശൂര്‍ കലക്ടര്‍ക്ക് സുജി എഴുതിയ കത്ത് ചര്‍ച്ചയാകുന്നു.

‘സര്‍, ഇനിയും അവഗണനയോടെ ജീവിക്കുന്നതില്‍ അര്‍ഥമില്ല. അന്തസ്സോടെ മരിക്കാന്‍ എനിക്ക് ദയാവധം അനുവദിക്കണം’. അച്ഛനും അമ്മയും മരിച്ചു. മൂന്ന് സഹോദരങ്ങളുണ്ടെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ എല്ലാവരും ഒറ്റപ്പെടുത്തി. മക്കളെ പോലെ വളര്‍ത്തുന്ന നായ്ക്കളും പൂച്ചകളുമൊക്കെയാണ് കൂട്ടിന്.

1989ല്‍ ബി.എസ്‌സി നഴ്‌സിങ് ബിരുദം നേടി. മൂന്ന് പതിറ്റാണ്ടോളമായി ജോലിക്ക് അലയുന്നു. പല തവണ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. മിക്ക ദിവസവും പട്ടിണിയിലാണ്. ഒറ്റപ്പെടല്‍ വലിയ വേദനയാണ്. പട്ടിണി കിടന്ന് മടുത്തു. അന്തസ്സോടെ മരിക്കാന്‍ അനുവദിക്കണം. ഉടന്‍ തീയതി തീരുമാനിക്കണം -കലക്ടര്‍ ഡോ. എ. കൗശിഗന് നല്‍കിയ അപേക്ഷയില്‍ സുജി വ്യക്തമാക്കി.

കൊച്ചി മെട്രോയില്‍ ജോലിക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. പ്രായപരിധി കഴിഞ്ഞതിനാല്‍ പി.എസ്.സി മുഖേനയുള്ള നിയമനങ്ങള്‍ക്ക് അപേക്ഷിക്കാനാകില്ല. നഴ്‌സിങ് പഠനം പൂര്‍ത്തിയായെങ്കിലും ആശുപത്രികള്‍ പരിഗണിക്കുന്നില്ല. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനോട് മലയാളി കാണിക്കുന്ന അവഗണന ജനം തിരിച്ചറിയണം.

അവഗണന സഹിക്കുന്നതിനെക്കാള്‍ നല്ലത് അന്തസ്സോടെയുള്ള മരണമാണ്. ദയാവധത്തിന് നിയമസാധുത നല്‍കി അടുത്തിടെ സുപ്രീംകോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് കലക്ടര്‍ക്ക് ഇങ്ങനെയൊരു അപേക്ഷ നല്‍കാന്‍ തീരുമാനിച്ചതെന്ന് സുജി പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിലാണ് സുജിത്കുമാര്‍ എന്ന സുജി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ വോട്ട് ചെയ്തത്.

pathram desk 1:
Related Post
Leave a Comment