ദിലീഷ് പോത്തനും, ഫഹദും വീണ്ടും,’കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി:ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന ‘കുമ്പളങ്ങി നൈറ്റ്‌സ്’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് മധു സി. നാരായണന്‍. ഷെയ്ന്‍ നിഗത്തിന് പുറമേ സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി , മാത്യു തോമസ് എന്നിവരാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ മറ്റൊരു പ്രധാന റോളിലും എത്തുന്നു. മഹേഷിന്റെ പ്രതികാരം, മായനദി, ഇടുക്കി ഗോള്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടിയും തിരക്കഥയൊരുക്കുന്നത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങാനാണ് തീരുമാനം.

നടി നസ്രിയ നസീമും സംവിധായകന്‍ ദിലീഷ് പോത്തനും രചയിതാവും ദേശീയ അവാര്‍ഡ് ജേതാവുമായ ശ്യാം പുഷ്‌കരനും നിര്‍മ്മാതാക്കള്‍ ആകുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ‘വര്‍ക്കിങ് ക്ലാസ് ഹീറോ’ സിനിമാ നിര്‍മ്മാണ കമ്പനിയുമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. ‘ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും’ ഇവര്‍ക്കൊപ്പം നിര്‍മ്മാണ പങ്കാളികളാകുന്നുണ്ട്. ‘ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സി’ന് വേണ്ടിയാണ് നസ്രിയ ഇവരോടൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാകുന്നത്.

pathram desk 2:
Related Post
Leave a Comment