ഹിന്ദിയില്‍ അര്‍ജുന്‍ റെഡ്ഡിയാകാന്‍ ഉറച്ച് ഷാഹിദ് കപൂര്‍

കൊച്ചി: തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘അര്‍ജുന്‍ റെഡ്ഢി’യുടെ റീമെയ്ക്കില്‍ ഷാഹിദ് കപൂര്‍ നായകനാകും. ഷാഹിദ് സിനിമയുടെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നു നേരത്തെത്തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘ബട്ടി ഘുല്‍ മീറ്റര്‍ ചലു’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം ഇതുറപ്പിച്ചത്. ‘ അര്‍ജുന്‍ റെഡ്ഢി ടീം തയാറായിരിക്കുന്നു. ഞങ്ങള്‍ ഇവിടെ തുടങ്ങുകയാണ്. ഞങ്ങള്‍ക്ക് ആശംസകള്‍ നേരു സുഹൃത്തുക്കളെ.” എന്നാണു താരം ട്വിറ്ററില്‍ കുറിച്ചത്.

ഒറിജിനല്‍ ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കിന്റെയും സംവിധായകന്‍. നായിക ആരെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനമായിട്ടില്ല. അശ്വിന്‍ വര്‍ദെ, മുരാദ് ഖേടനി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു മെഡിക്കല്‍ വിദ്യാര്‍ഥി തന്റെ ജൂനിയറുമായി ആദ്യമാത്രയില്‍ത്തന്നെ പ്രണയത്തിലാകുന്നതും അവരുടെ ബന്ധം വികസിക്കുന്നതുമാണ് അര്‍ജുന്‍ റെഡ്ഢിയുടെ കഥാതന്തു. വിജയ് ദേവെരകൊണ്ടയും,ശാലിനി പാണ്ടെയും അഭിനയിച്ച തെലുഗു പതിപ്പ് വന്‍ വിജയമായിരുന്നു. സത്യസന്ധമായി കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതിന്റെ പേരില്‍ ഒരുപാട് പേര് സിനിമയെ നല്ല രീതിയില്‍ വിലയിരുത്തി. തെലുഗുവില്‍ നേടിയ വിജയം സിനിമയുടെ ഹിന്ദി റീമേയ്ക്കിനു നേടാന്‍ കഴിയുമോ എന്ന് നോക്കി കാണേണ്ടിയിരിക്കുന്നു.

ഷാഹിദ് കപൂറിന്റെ ഏറ്റവും അവസാനം തീയേറ്ററുകളില്‍ എത്തിയ ചിത്രം സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവത്’ ആയിരുന്നു. ശ്രദ്ധാ കപൂറുമായി ഒന്നിച്ച ‘ബട്ടി ഘുല്‍ മീറ്റര്‍ ചലു’വാണ് അടുത്തതായി ഇറങ്ങാന്‍ പോകുന്ന ചിത്രം.

pathram desk 2:
Related Post
Leave a Comment