മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകം, ബിജെപി സംസ്ഥാന നേതാവ് കസ്റ്റഡിയിലെന്ന് സൂചന

മാഹി: പളളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗം വിജയന്‍ പൂവച്ചേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.
അതേസമയം ഇത് സംബന്ധിച്ച് മാഹി പൊലീസില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ”നിലവില്‍ കേസന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. അന്വേഷണം സംബന്ധിച്ച യാതൊരു വിവരവും പുറത്ത് വിടരുതെന്ന് മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ഉണ്ട്. ആയതിനാല്‍ ഈ വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ സാധിക്കില്ല.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് കണിപ്പൊയില്‍ ബാബു ആക്രമിക്കപ്പെട്ടത്. വീട്ടിലേക്ക് പോകുന്ന വഴിയില്‍ പതിയിരുന്നായിരുന്നു ആക്രമണം. കഴുത്തിന് വെട്ടേറ്റ ബാബു സംഭവസ്ഥലത്ത് തന്നെ മരിച്ചു.തൊട്ട് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജിന് കേരള അതിര്‍ത്തിയില്‍ വച്ച് വെട്ടേറ്റിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് കൊലപാതകങ്ങളും രണ്ട് സംസ്ഥാന പരിധിയിലായതിനാല്‍ അന്വേഷണത്തില്‍ തടസങ്ങളുണ്ട്.

pathram desk 2:
Related Post
Leave a Comment