വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നും എസ്ഐ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും സര്‍ക്കാര്‍ അറിയിച്ചു.

കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. 8 പ്രതികളെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ നിലപാട് കേട്ട ഹൈക്കോടതി ഹര്‍ജി ഈ മാസം 22ന് പരിഗണിക്കാനായി മാറ്റി.

കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ അപേക്ഷ കോടതി അംഗീകരിച്ചില്ല. കേസ് രാഷ്ട്രീയവത്കരിക്കാനാണ് നീക്കമെന്ന സര്‍ക്കാര്‍ വാദത്തെ തുടര്‍ന്നാണ് അപേക്ഷ നിരാകരിച്ചത്.

കേസിലെ നാലാം പ്രതി എസ്ഐ ജിഎസ് ദീപകിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റി. ശ്രീജിത്തിനെ മര്‍ദ്ദിച്ചത് ആര്‍ടിഎഫുകാരാണെന്നും തനിക്കെതിരെ സാക്ഷി മൊഴി പോലും ഇല്ലെന്നുമാണ് ദീപക്ക് ജാമ്യാപേക്ഷയില്‍ പറയുന്നത്.

ഇതിനിടെ ശ്രീജിത്തിന്റെ കൊലപാതകത്തില്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനും വരാപ്പുഴ പൊലീസിനും തിരിച്ചടിയായി ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. പറവൂര്‍ മജിസ്ട്രേറ്റായിരുന്ന സ്മിത, ശ്രീജിത്തിനെ കാണാന്‍ വിസമ്മതിച്ചു എന്ന ആരോപണം തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment