സ്വാതന്ത്ര്യസമര സേനാനികളേയും ദേശീയ നേതാക്കളേയും അപമാനിച്ചു… കമ്മാരസംഭവത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ഹര്‍ജി

കൊച്ചി: തന്ത്ര്യസമര സേനാനികളെയും ദേശീയ നേതാക്കളെയും അപമാനിക്കുന്നുവെന്നാരോപിച്ച് ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സ്വാതന്ത്ര്യസമര സേനാനികളെയും ദേശീയ നേതാക്കളെയും അപമാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥയെന്നും അതിനാല്‍ തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം അടിയന്തിരമായി തടയണമെന്നുമാവാശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും സംസ്ഥാന ജനറല്‍ സെക്രട്ടറി റാം മോഹനുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചരിത്രം തെറ്റിദ്ധരിപ്പിച്ചാണു സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നു ഹര്‍ജിയില്‍ പറയുന്നു. സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍, സംവിധായകന്‍ രതീഷ് അമ്പാട്ട്, തിരക്കഥാകൃത്ത് മുരളി ഗോപി, നടന്‍ ദിലീപ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

മുമ്പ് കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമ്മാരസംഭവത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നതു ശരിയായ സര്‍ഗാത്മക പ്രവൃത്തിയല്ല. ചിത്രത്തില്‍ കമ്മാരനോടു കേരളത്തില്‍പ്പോയി പാര്‍ട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചരിത്രത്തില്‍ അങ്ങനൊന്നില്ലെന്നും കമ്മാരന്റെ പാര്‍ട്ടിയുടെ പ്രതീകമായി കാണിക്കുന്നതു ചുവപ്പു കൊടിയും കടുവയുടെ ചിഹ്നവുമാണ്. അതു ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ കൊടിയാണെന്നും ദേവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

രാമലീലയ്ക്ക് ശേഷം ദിലീപിന്റേതായി എത്തുന്ന ചിത്രം കൂടിയാണ് കമ്മാരസംഭവം. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തിയത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

pathram desk 1:
Related Post
Leave a Comment