മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍.എസ്.എസ് ആക്രമണം; ചന്ദ്രിക ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. ആര്‍എസ്എസും ബിജെപിയും സംയുക്തമായി നടത്തിയ പ്രകടനത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ മര്‍ദിച്ചു. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുവാദിനെയാണ് ആര്‍എസ്എസുകാര്‍ ക്ലബില്‍ കയറി മര്‍ദിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ഇദേഹത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30 നാണ് സംഭവം.

മഞ്ചേരി റോഡില്‍ നിന്ന് കുന്നുമ്മല്‍ ഭാഗത്തേക്ക വന്ന പ്രകടനത്തിനിടെ ഗതാഗത കുരുക്കുണ്ടായപ്പോള്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ തറയില്‍ ഫവാസും പ്രകടനക്കാര്‍ക്കു സമീപത്തു കൂടെ പോകാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായവര്‍ ഫവാസിനെ കൈകാര്യം ചെയ്യുകയായിരുന്നു. കഴുത്തില്‍ പിടിച്ച തള്ളുകയും മര്‍ദിക്കുകയും ചെയ്തു.

ഈ സമയം പ്രസ് ക്ലബിലുണ്ടായിരുന്ന ഫുവാദ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഏതാനും പേര്‍ ക്ലബിനുള്ളിലേക്ക് പാഞ്ഞടുത്ത് ചവിട്ടുകയും മൊബൈല്‍ പിടിച്ചു വാങ്ങി പോവുകയുമായിരുന്നു. കോട്ടപ്പടിയില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഫവാസിനെയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതു വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും മലപ്പുറം പ്രസ്‌ക്ലബ് സെക്രട്ടറി സുരേഷ് സൗത്ത്ലൈവിനോട് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment