റിലീസ് ചെയ്ത് വെറും രണ്ട് ദിവസംകൊണ്ട് ഹോളിവുഡ് സിനിമ ‘അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍’ ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തുകയാണ്. ഇന്ത്യയില്‍നിന്ന് ആദ്യദിനം 30 കോടിയാണ് ചിത്രം നേടിയത്. 80 കോടിരൂപയാണ് രണ്ട് ദിവസത്തെ കളക്ഷന്‍. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ വിദേശ ചിത്രവും അവഞ്ചേഴ്‌സ് തന്നെയാണ്.
ഭൂമിയെ നശിപ്പിക്കാന്‍ എത്തുന്ന താനോസ് എന്ന അതിശക്തിമാനായ വില്ലനെ നേരിടാന്‍ മാര്‍വല്‍ സിനിമാ പ്രപഞ്ചത്തിലെ സൂപ്പര്‍താരങ്ങള്‍ എല്ലാം ഒരുമിച്ച് അണിനിരക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷന്‍ രംഗങ്ങള്‍ മാത്രമല്ല വൈകാരിക രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഇന്‍ഫിനിറ്റി വാര്‍ മുന്നോട്ട് പോകുന്നത്.
അയണ്‍മാന്‍, ഡോ. സ്‌ട്രെയ്ഞ്ച്, സ്‌പൈഡര്‍മാന്‍ എന്നിവര്‍ക്കാണ് സിനിമയില്‍ കൂടുതല്‍ സ്‌ക്രീന്‍ സ്‌പെയ്‌സ്. അതായത് താനോസിന്റെ കരുത്ത് ശരിക്കും മനസ്സിലാകുന്ന മൂന്നുപേര്‍. ഹള്‍ക്ക് ഇത്തവണ ഇടിച്ചല്ല കോമഡി കാണിച്ചാണ് കയ്യടി നേടുന്നത്. സ്‌പൈഡര്‍മാന് ചെറിയൊരു സ്ഥാനക്കയറ്റവും ക്യാപ്റ്റന്‍ അമേരിക്കയ്ക്ക് പുത്തന്‍ ഷീല്‍ഡും തോറിന് പുതിയ ആയുധവും സിനിമയിലൂടെ കിട്ടുന്നു. താനോസ് തന്നെയാണ് ഇന്‍ഫിനിറ്റിവാറിലെ കരുത്തന്‍ കഥാപാത്രം. ജോഷ് ബ്രോളിന്റെ ഘനഗാംഭീര്യ ശബ്ദത്തില്‍ താനോസ് അതിഭീകരനായതുപോലെ തോന്നും.
ക്രിസ്റ്റഫര്‍ മാര്‍കസ്, സ്റ്റീഫന്‍ മക്ഫീലി എന്നിവരുടെ തിരക്കഥയാണ് സിനിമയുടെ മറ്റൊരു പ്രധാനഘടകം. 30 കഥാപാത്രങ്ങളെ ഒരേ പ്രാധാന്യത്തോടെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന ശ്രമകരമായ ദൗത്യം സിനിമയില്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.
ആന്തണി റൂസോയും ജോയ് റൂസോയും ചേര്‍ന്നാണ് 30 കോടി യുഎസ് ഡോളര്‍ മുതല്‍മുടക്കുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരുഘട്ടത്തില്‍പോലും ബോറടിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അവതരണശൈലി. വ്യത്യസ്ത പ്ലോട്ടുകളെ കൃത്യമായി സമന്വയിപ്പിച്ച് ഒറ്റ പ്ലോട്ടിലേക്ക് ഒതുക്കുന്ന കഥാശൈലി. ഇതിന് മുമ്പുള്ള മാര്‍വല്‍ ചിത്രങ്ങള്‍ കാണാതെ പോയാല്‍ കഥ പറച്ചിലിലെ മികവ് മനസ്സിലായിക്കൊള്ളണമെന്നില്ല അലന്‍ സില്‍വെസ്ട്രിയാണ് സംഗീതം. ഛായാഗ്രഹണം ട്രെന്‍ഡ്.
ഇന്നലെവരെ മാര്‍വല്‍ ചിത്രങ്ങളില്‍ എല്ലാ ഘടകങ്ങളുടെയും മികവ് കൊണ്ട് മുന്നിട്ടു നിന്നത് ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്‍ എന്ന ചിത്രമായിരുന്നു. എന്നാല്‍ ഇന്‍ഫിനിറ്റി വാര്‍ അവതരണത്തിലെ സമ്പൂര്‍ണ ആധിപത്യം കൊണ്ട് അതിനെയും മറികടക്കുന്നു. വാനോളമുയരുന്ന പ്രതീക്ഷകളെ തൃപ്തിപ്പെടുത്തി ഒരു ചിത്രം എടുക്കുക, എല്ലാത്തരം പ്രേക്ഷരെയും തൃപ്തിപ്പെടുത്തുക തുടങ്ങിയ ഭഗീരഥ പ്രയത്‌നങ്ങള്‍ എല്ലാം സിനിമ അസാമാന്യ പാടവത്തോടെ കൈവരിക്കുന്നു. ചുരുക്കത്തില്‍ ആഘോഷപൂര്‍വം പോയിക്കണ്ടു നിര്‍വൃതിയടയാന്‍ പാകത്തിലുള്ള ഒരു പവര്‍ പാക്ക്ഡ് എന്റര്‍ടെയിനറാണ് ചിത്രം എന്നതില്‍ സംശയമില്ല.
മാര്‍വല്‍ ചിത്രങ്ങളുടെ ഒരു സവിശേഷതയാണ് ടെയില്‍ എന്‍ഡ് സീനുകള്‍. അവസാനനിമിഷം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ടെയില്‍ എന്‍ഡ് സീനുകളിലാണ് അടുത്ത ഭാഗത്തിലേക്ക് വഴിമരുന്നിടുന്ന കഥയുടെ തീപ്പൊരി ഒളിപ്പിക്കുന്നത്. ഇന്‍ഫിനിറ്റി വാറിന്റെ അടുത്ത ഭാഗത്തേക്ക് വഴിമരുന്നിട്ടാണ് ചിത്രം അവസാനിക്കുന്നത്.
ബ്രഹ്മാണ്ഡ യുദ്ധത്തിന് ശേഷം എത്ര സൂപ്പര്‍ കഥാപാത്രങ്ങള്‍ അവശേഷിക്കും എന്നത് സിനിമ കണ്ടുതന്നെ അറിയണം. ‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു’ എന്ന ബാഹുബലിയുടെ അവസാനം പോലെ ഞെട്ടിപ്പിക്കുന്ന ക്ലൈമാക്‌സ് ആണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.
Leave a Comment