2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ന്നടിയും; മോദിയെ ജനങ്ങള്‍ കൈവിടുമെന്ന് ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തരംഗമുണ്ടാവില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തില്ലെന്നും എഴുത്തുകാരന്‍ ചേതന്‍ ഭഗത് പറയുന്നു. ട്വിറ്ററില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് താന്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്നും ചേതന്‍ ഭഗത് ട്വിറ്ററില്‍ കുറിക്കുന്നു.

പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി പ്രകടനം എങ്ങനെയുണ്ടെന്ന ചോദ്യമാണ് ചേതന്‍ ഭഗത് ട്വിറ്ററില്‍ ഉന്നയിച്ചത്. 38 ലക്ഷം പേര്‍ പങ്കെടുത്ത ട്വിറ്റര്‍ പോളില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരാജയമാണെന്ന് 58 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ബാക്കിയുള്ള പലരും മോദിയുടെ പ്രകടനം ശരാശരിക്ക് പിന്നില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കുറച്ച് ശതമാനം ആളുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം ഇത് തന്റെ സര്‍വേയാണെന്നും മോദി ഭക്തര്‍ സര്‍വേ നടത്തുമ്പോള്‍ ജയ സാധ്യത കൂടാന്‍ സാധ്യതയുണ്ടെന്നും ചേതന്‍ ഭഗത് പരിഹസിച്ചിട്ടുണ്ട്. സമൂഹത്തിന്റെ കണ്ണാടിയാണ് താനെന്നും ആ കണ്ണാടിയില്‍ കാണുന്നതാണ് സത്യമെന്നും ചേതന്‍ ഭഗത് പറഞ്ഞു.

”2014ല്‍ മോദി വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് ആദ്യം പറഞ്ഞതിലൊരാള്‍ ഞാനായിരുന്നു. ഇപ്പോള്‍ നമ്മള്‍ പുതിയൊരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. പക്ഷേ ഇന്ന് ബി.ജെ.പിയെ സംബന്ധിച്ച് കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ല.

അവര്‍ ജയിക്കാനും പോകുന്നില്ല. ആരുടേയും പക്ഷം പിടിച്ചല്ല ഇതുപറയുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം-ചേതന്‍ ഭഗത് പറഞ്ഞു.

2014 ല്‍ മോദി അധികാരത്തിലെത്തിയതിന് പിന്നാലെ ചേതന്‍ ഭഗതുമൊന്നിച്ചുള്ള സെല്‍ഫി ഷെയര്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഭഗതിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. പക്കുവട പ്രസ്താവനയിലും മോദിക്കെതിരെ വിമര്‍ശനവുമായി ചേതന്‍ ഭഗത് രംഗത്തെത്തിയിരുന്നു.

പക്കുവട വിറ്റ് ദിവസം 200 രൂപ സമ്പാദിക്കുന്നവനും തൊഴില്‍ ഉള്ളവനാണെന്ന പ്രസ്താവനക്കെതിരെയായിരുന്നു ചേതന്‍ രംഗത്തെത്തിയത്. പക്കുവട വില്‍പ്പനക്കാര്‍ മാത്രമായിരിക്കാന്‍ ഇന്ത്യയിലെ യുവാക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന തലക്കെട്ടില്‍ ചേതന്‍ ഭഗത് കോളം എഴുതുകയും ചെയ്തിരുന്നു. കഠ്വ കൂട്ടബലാത്സംഗകേസിലും കേന്ദ്രസര്‍ക്കാരിനെതിരെ ചേതന്‍ ഭഗത് രംഗത്തെത്തിയിരുന്നു.

pathram desk 1:
Related Post
Leave a Comment