ലിഗയുടെ മരണം കൊലപാതകം തന്നെ!!! കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; തരുണാസ്ഥികള്‍ക്ക് പൊട്ടല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച വിദേശ വനിത ലിഗയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെയാണ് മരണം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം. വിദഗ്ദ സംഘം തയാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വൈകിട്ട് പൊലീസിന് കൈമാറും.

പ്രതികളെന്നു സംശയിക്കുന്നവര്‍ കസ്റ്റഡിയിലുള്ള സാഹചര്യത്തിലാണു പ്രാഥമിക നിഗമനങ്ങള്‍ രാവിലെ പൊലീസിനു നല്‍കിയിരിക്കുന്നത്. ആന്തരിക അവയവ പരിശോധനയുടെ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങളുമായി അന്തിമ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജില്‍ നിന്നു വൈകിട്ടു പൊലീസിനു കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നാണു വിവരം.

ലിഗ സറോമോനയെ(33) കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ വിഷാദ രോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാര്‍ച്ച് 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതായി. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം ലിഗയെ തിരുവല്ലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിദേശ വനിത ലിഗയുടെ മരണത്തിന് പിന്നില്‍ ലഹരി സംഘങ്ങളെന്ന സൂചനയും ഇന്നലെ സഹോദരി ഇലീസ് നല്‍കിയിരുന്നു. കോവളത്തെത്തിയ ലിഗയെ ലഹരി ഉപയോഗിക്കുന്നയാള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന് ഇലീസ് പറഞ്ഞു. സൗഹൃദത്തോടെ സമീപിച്ചാല്‍ എളുപ്പത്തില്‍ വിശ്വസിക്കുന്നതാണ് ലിഗയുടെ സ്വഭാവം. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ലിഗ വാങ്ങിയതല്ലെന്നും ഇലീസ് പറഞ്ഞിരുന്നു.

pathram desk 1:
Related Post
Leave a Comment