ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തി 18,000 അടി ഉയരത്തില്‍ ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ 18,000 അടി വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ഇന്ത്യയുടെ പുതിയ നീക്കം. 96 ഇന്തോ ടിബറ്റ് ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) 96 ഔട്ട്‌പോസ്റ്റുകള്‍ (ബിഒപി) കൂടി നിര്‍മിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം തുറന്നുപറഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മിലുള്ള അനൗപചാരിക ഉച്ചകോടിക്കു തുടക്കമായതിനു സമാന്തരമായാണ് അതിര്‍ത്തി ശക്തമാക്കുന്നതെന്നതു ശ്രദ്ധേയം. 3,488 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ–ചൈന അതിര്‍ത്തിയിലാണു പുതിയ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുക. ചൈനീസ് കടന്നുകയറ്റവും ഭീഷണിയും ചെറുക്കാനും ഇന്ത്യന്‍ സൈന്യത്തിന് എളുപ്പത്തില്‍ അതിര്‍ത്തിയില്‍ എത്താനും ഔട്ട്‌പോസ്റ്റുകള്‍ സഹായിക്കും.

ദുര്‍ഘടമായ പ്രദേശങ്ങളിലൂടെ ചൈനീസ് അതിര്‍ത്തിയിലേക്കു സൈന്യത്തിന് എത്തിച്ചേരാനുള്ള സമയത്തില്‍ ഇതോടെ ഗണ്യമായ കുറവുണ്ടാകും. 12,000 മുതല്‍ 18,000 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലെ ഔട്ട്‌പോസ്റ്റുകള്‍ ചൈനീസ് നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സഹായിക്കും. പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിയെന്നും ഉടന്‍ ഇവയ്ക്ക് അനുമതി നല്‍കുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പുതിയവ കൂടി കണക്കിലെടുത്താല്‍ ഇന്ത്യ– ചൈന അതിര്‍ത്തിയില്‍ ഐടിബിപിയുടെ ഔട്ട്‌പോസ്റ്റുകളുടെ എണ്ണം 272 ആകും. ഒന്‍പത് ബറ്റാലിയന്‍ (9000 പേര്‍) കൂടി ചേര്‍ത്തു സേനയെ ശക്തമാക്കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്. അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിങ്ങളിലെ അതിര്‍ത്തിയിലേക്ക് 25 ആധുനിക റോഡുകള്‍ നിര്‍മിക്കുമെന്നു ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നേരത്തെ പറഞ്ഞിരുന്നു.

pathram:
Related Post
Leave a Comment