ആദ്യ പടം റിലീസ് ആകും മുന്‍പേ പ്രിയ വാര്യരെ തേടി ആദ്യ പുരസ്‌കാരം എത്തി

19 വയസ് മാത്രമേ ആയിട്ടുളളുവെങ്കിലും പ്രിയ പ്രകാശ് വാര്യര്‍ ആഗോള ശ്രദ്ധ നേടിയത് ഒരൊറ്റ രാത്രി കൊണ്ടാണ്. അഭിനേതാക്കള്‍ തങ്ങളുടെ പ്രകടനത്തിന് പുരസ്‌കാരവും പ്രതീക്ഷിച്ച് ഒരുപാട് സിനിമകള്‍ ചെയ്യുമ്പോള്‍ ഒരൊറ്റ ചിത്രത്തിലൂടെ പുരസ്‌കാരം നേടിയിരിക്കുകയാണ് പ്രിയ. അതും ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ്.

മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ കണ്ണിറുക്കി ശ്രദ്ധ നേടിയ നടിക്ക് ഔട്ട്‌ലുക്കിന്റെ വൈറല്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനാണ് അര്‍ഹയായത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ നടി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ഒന്നു കണ്ണടച്ചു തുറക്കുന്ന സമയംകൊണ്ടാണ് പ്രിയ ഇന്റര്‍നെറ്റിലെ താരമായി മാറിയത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ നായികയെ ബോളിവുഡ് വരെ വാഴ്ത്തി. പ്രിയ ഇനി തമിഴിലേക്കു പോകുന്നു എന്നും വാര്‍ത്തകള്‍ പുറത്തുവന്നു.

നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2013ല്‍ വിജയ് സേതുപതിയും സഞ്ജിത റെഡ്ഡിയും അഭിനയിച്ച ‘സൂത് കാവും’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് നളന്‍ കുമാരസ്വാമി. 2016ല്‍ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ ‘കാതലും കടന്തു പോകും’ എന്ന ചിത്രമാണ് നളന്‍ കുമാരസ്വാമി അവസാനമായി സംവിധാനം ചെയ്തത്.

ഒമര്‍ ലുലുവിന്റെ ചിത്രത്തിലെ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു പ്രിയ വാര്യര്‍. എന്നാല്‍ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ പ്രിയ കണ്ണിറുക്കുന്ന രംഗം ഹിറ്റായതോടെ പ്രിയയെ ചിത്രത്തിലെ കേന്ദ്രകഥാപാത്രമാക്കുകയായിരുന്നു. പ്രിയയ്ക്കു പ്രാധാന്യം നല്‍കാന്‍ വേണ്ടി ചിത്രത്തിന്റെ സക്രിപ്റ്റും ക്ലൈമാക്സും മാറ്റിയെഴുതി എന്നാണ് റിപ്പോര്‍ട്ടുകള്‍.

pathram desk 2:
Related Post
Leave a Comment