മകനും ബലാത്സംഗം ചെയ്‌തെന്ന് അറിഞ്ഞപ്പോഴാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്; കത്വ കൂട്ടബലാത്സംഗ കൊലയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി

ജമ്മു: കത്തുവയില്‍ എട്ടു വയസുകാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ സംഘം. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായ വിവരം അറിഞ്ഞത് നാലു ദിവസത്തിനു ശേഷമെന്ന് മുഖ്യപ്രതി സഞ്ജി റാം ചോദ്യം ചെയ്യലില്‍ പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. തന്റെ മകനും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്ന് മനസിലാക്കിയപ്പോഴാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും സഞ്ജി റാം അന്വേഷണ സംഘത്തോട് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 10 നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. അതേ ദിവസം തന്നെ സഞ്ജി റാമിന്റെ പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ബഖേര്‍വാല നാടോടി സമൂഹത്തില്‍പെട്ട പെണ്‍കുട്ടി ദിവസങ്ങളോളം പീഡനത്തിന് ഇരയായത് സഞ്ജി റാം ചുമതലക്കാരനായ ക്ഷേത്രത്തില്‍വച്ചാണ്. കത്തുവയിലെ രസാന ഗ്രാമത്തില്‍ ബഖേര്‍വാല നാടോടി സമൂഹം താമസിക്കുന്നത് സഞ്ജി റാമിന് ഇഷ്ടമല്ലായിരുന്നു. അവരെ അവിടെനിന്നും ഓടിക്കാനാണ് ഈ ക്രൂരകൃത്യം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടതെന്നും അന്വേഷണ സംഘം പറഞ്ഞു.

ജനുവരി 10 നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെങ്കിലും 14 നാണ് ബലാല്‍സംഗത്തിന് ഇരയായ വിവരം താന്‍ അറിഞ്ഞതെന്ന് സഞ്ജി റാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒരു ദിവസം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയശേഷം പ്രസാദം വീട്ടില്‍ കൊടുക്കാന്‍ അനന്തരവനോട് ആവശ്യപ്പെട്ടു. പക്ഷേ അനന്തരവന്‍ പ്രസാദം കൊണ്ടുപോകാന്‍ വൈകിപ്പിച്ചു. ഇതില്‍ കുപിതനായ സഞ്ജി റാം അനന്തരവനെ അടിച്ചു.

പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത വിവരം സഞ്ജി റാം അറിഞ്ഞു കാണുമെന്നും അതിനാലാണ് തന്നെ അടിച്ചതെന്നുമാണ് അനന്തരവന്‍ കരുതിയത്. ഈ സമയത്താണ് പെണ്‍കുട്ടിയെ താന്‍ മാത്രമല്ല സഞ്ജി റാമിന്റെ മകനും ക്ഷേത്രത്തിനകത്ത് വച്ച് ബലാല്‍സംഗം ചെയ്തുവെന്ന് അന്തരവന്‍ പറഞ്ഞത്.

അതിനുശേഷമാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ സഞ്ജി റാം തീരുമാനിച്ചത്. മകനെതിരെ ഒരു തെളിവും ഉണ്ടാകാന്‍ പാടില്ലെന്ന് തീരുമാനിച്ചു. പെണ്‍കുട്ടിയെ കൊന്നാല്‍ രസാന ഗ്രാമത്തില്‍ ബഖേര്‍വാല നാടോടി സമൂഹത്തെ തുരത്താന്‍ സാധിക്കുമെന്നും സഞ്ജി റാം കരുതിയതായി കുറ്റപത്രത്തില്‍ പറയുന്നു.

ജനുവരി 14 നാണ് പെണ്‍കുട്ടിയെ കൊന്നതെങ്കിലും അന്നു കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടന്നില്ല. ഹിരാനഗര്‍ കനാലിനു സമീപത്തായി പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചു മൂടാമെന്നാണ് കരുതിയത്. പക്ഷ മൃതദേഹം കൊണ്ടുപോകാന്‍ വാഹനം സമയത്തിന് എത്തിയില്ല. പെണ്‍കുട്ടിയുടെ മൃതദേഹം തിരികെ ക്ഷേത്രത്തിനകത്ത് കൊണ്ടുപോയി സൂക്ഷിച്ചു. തൊട്ടടുത്ത ദിവസം തന്റെ സുഹൃത്ത് കാര്‍ കൊണ്ടു വരാന്‍ മടിക്കുന്നുവെന്നും മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കാന്‍ അന്തരവനോടും മകനോടും സഞ്ജി റാം ആവശ്യപ്പെട്ടതയി അന്വേഷണ സംഘം വെളിപ്പെടുത്തി.

pathram desk 1:
Related Post
Leave a Comment