സൗമ്യയ്ക്ക് വേണ്ടി ഹാജരാകാന്‍ ആളൂരെത്തുന്നു!!! സൗമ്യയുടെ ഭര്‍ത്താവും പോലീസ് കസ്റ്റഡിയില്‍; ഭര്‍ത്താവിന്റെ മൊഴി നിര്‍ണായകം

തലശേരി: പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതിയായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ഭര്‍ത്താവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയില്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ മുംബൈയില്‍ നിന്നും അഡ്വ. ബിജു ആന്റണി ആളൂര്‍ തലശേരിയിലെത്തുമെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. സൗമ്യയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസക്കാരനുമായ കിഷോറിനെ ഇന്ന് പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂരില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

തലശേരി ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, നീരജ്, ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ തലശേരിയിലെത്തിക്കുന്ന കിഷോറിനെ വിശദമായ ചോദ്യം ചെയ്യുന്നതോടെ ഒന്നരവയസുകാരി കീര്‍ത്തനയുടെ മരണത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം. സൗമ്യയും കിഷോറും ഒരുമിച്ച് ജീവിക്കുന്ന കാലഘട്ടത്തിലാണ് കീര്‍ത്തന മരണപ്പെട്ടത്. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് 2012 സെപ്റ്റംബര്‍ ഒന്‍പതിന് കീര്‍ത്തന മരിക്കുന്നത്.

കീര്‍ത്തനയേയും കൊന്നതാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. കീര്‍ത്തനയുടെ മരണത്തിന് പിന്നില്‍ കിഷോറിന് പങ്കുണ്ടോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. വണ്ണത്താന്‍ കുടുംബത്തില്‍ ആദ്യം നടന്ന മരണം കീര്‍ത്തനയുടേതായിരുന്നു. ഐശ്വര്യയും കമലയും കുഞ്ഞിക്കണ്ണനും മരിച്ച സമാനമായ സാഹചര്യത്തിലൂടെയാണ് കീര്‍ത്തനയും ഈ ലോകത്തോട് വിട പറഞ്ഞിട്ടുള്ളത്. അതു കൊണ്ട് തന്നെ ഇതും കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

എന്നാല്‍ മറ്റ് മൂന്ന് മരണങ്ങളിലും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. കീര്‍ത്തനയുടെ മരണത്തില്‍ സംഭവം നടന്ന് ആറ് വര്‍ഷം പിന്നിട്ടതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുക സാധ്യമല്ല. ഈ സാഹചര്യത്തില്‍ കിഷോറിന്റെ മൊഴി നിര്‍ണായകമാകുകയാണ്.

തൃശൂരില്‍ ട്രെയിനില്‍ വെച്ച് സൗമ്യയെ കൊന്ന കേസിലെ പ്രതി ഗോവിന്ദച്ചാമി, ജിഷ വധത്തിലെ പ്രതി അമീറുള്‍ ഇസ്ലാം,നടന്‍ ദിലീപിന്റെ കേസിലെ പള്‍സര്‍ സുനി എന്നിവര്‍ക്കു വേണ്ടി ഹാജരായ പ്രമുഖ ക്രിമനല്‍ അഭിഭാഷകന്‍ തൃശൂര്‍ സ്വദേശിയും മുംബെയിലെ അഭിഭാഷകനുമായ അഡ്വ. ആളൂര്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ എത്തുമെന്ന സൂചനയാണ് പുറത്തു വന്നിട്ടുള്ളത്.

തലശേരിയില്‍ നിന്നും ഒരു പ്രമുഖനടക്കം ഒന്നു രണ്ട് പേര്‍ വിളിച്ചിരുന്നു. ആളൂര്‍ സൗമ്യക്ക് വേണ്ടി ഹാജരാകാന്‍ എത്തിയാല്‍ കേസ് കൂടുതല്‍ മാധ്യമ ശ്രദ്ധ നേടും. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സൗമ്യക്കു വേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല. അഭിഭാഷകരെ ഏര്‍പ്പെടുത്തട്ടേയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ടെന്ന മറുപടിയാണ് സൗമ്യ കോടതിയില്‍ നല്‍കിയത്.

pathram desk 1:
Related Post
Leave a Comment