കോഴിക്കോട്: ഭരണഘടനയെ സംരക്ഷിക്കേണ്ട ജുഡീഷ്യറി ജനാധിപത്യത്തെ കൈകാര്യം ചെയ്യുന്നത് ഏതു നിലയിലാണെന്ന് സംവാദം നടത്തേണ്ട സാഹചര്യമാണ് ഇന്നുള്ളതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. രാജ്യത്തെ പല നിയമങ്ങളും യുക്തിരഹിതമായ ആത്മബോധത്തിന്റെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയും അടിസ്ഥാനത്തില്‍ വലിച്ചെറിയുന്ന സമീപനമാണ് ഇന്നുണ്ടാവുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭ വജ്ര ജൂബിലി ജില്ലാതല ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍ ദലിത് പീഡനത്തിനെതിരായ നിയമം പോലും ദുര്‍ബലമാക്കിക്കൊണ്ട് നിയമത്തിന്റെ ആധികാരികതയും ശക്തിയും പരിപൂര്‍ണമായി ചോര്‍ത്തിക്കളയുന്ന വിധിന്യായങ്ങളാണ് രാജ്യത്തുണ്ടാവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല ചെയ്യപ്പെട്ട ജഡ്ജിയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്നത് വെല്ലുവിളിയാണെന്ന നിലയിലുള്ള നിലപാടാണ് ജുഡീഷ്യറി സ്വീകരിക്കുന്നത്. ഇംപീച്ച്‌മെന്റ് പ്രമേയം പരിശോധിക്കണമെന്ന് പറയുമ്പോള്‍ ആ ചര്‍ച്ചപോലും ആരംഭിക്കുന്നിതിലുള്ള അസഹിഷ്ണുത ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുണ്ടാവുന്നു. രാജ്യത്തെ ഞെട്ടിവിറപ്പിച്ച മക്ക മസ്ജിദ് കേസുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ആത്മനിഷ്ടമായ രീതികള്‍ കടന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറലിസവും സാംസ്‌കാരികമായ സമന്വയവും നഷ്ടപ്പെടുമ്പോള്‍ പ്രതിരോധത്തിന്റെ പടവാളുകളായി മാറേണ്ട ജുഡീഷ്യറി ഇത്തരം നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന്റെ വളര്‍ച്ചയെ സഹായിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ ശക്തിയായ തൂണ്‍ ജനങ്ങളുടെ പങ്കളിത്തമുള്ള ജനപ്രാതിനിധ്യ സഭയാണ്. ജനപ്രതിനിധികളുടെ വികാരമെന്നു പറയുന്നത് ശൂന്യതയില്‍ നിന്നും വരുന്നതല്ല. അത് ജനങ്ങളുടെ ആവശ്യങ്ങളില്‍ നിന്നും രൂപപ്പെട്ടു വരുന്നതാണ്. ഭരണഘടനയുടെ അന്തഃസത്ത ചോരാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം വഴി ഇന്ത്യയെ വിസ്മയിപ്പിച്ച നിയമനിര്‍മാണ സഭയാണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment