ആകാശദൂതിനെ രക്ഷിച്ചത് ആ തൂവാലയാണ്, സിനിമയുടെ വിജയത്തിനായി അവസാനതന്ത്രം പ്രയോഗിച്ചത് ഇങ്ങനെ

സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത് എന്ന ചിത്രത്തെപ്പോലെ മലയാളികളെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ചിത്രമില്ല. കണ്ണുനീര്‍ വീഴ്ത്താതെ ഇപ്പോഴും ആ ചിത്രം കണ്ടു തീര്‍ക്കാന്‍ ഭൂരിഭാഗം പേര്‍ക്കു ആവില്ല. എന്നാല്‍ സിബി മലയില്‍ പ്രയോഗിച്ച ഒരു ചെറിയ തന്ത്രമാണ് ചിത്രത്തിന് മികച്ച വിജയം നേടിക്കൊടുത്തത്. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ തീയെറ്ററില്‍ ആളുകള്‍ കുറവായിരുന്നു. പിന്നീട് 17 മത്തെ ദിവസമാണ് തീയെറ്ററുകള്‍ ഹൗസ് ഫുള്‍ ആയത്. സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടി സിബി മലയില്‍ ചെയ്ത തന്ത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം.

ഒരു തൂവാലയാണ് ആകാശദൂതിനെ വിജയത്തിലേക്ക് എത്തിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ആകാശ ദൂത് റിലീസ് ചെയ്ത അന്ന് ചിത്രത്തിന്റെ റിപ്പോര്‍ട്ട് അറിയാന്‍ സിബി മലയില്‍ കണ്ണൂര്‍ കവിത തീയെറ്ററില്‍ എത്തി. പക്ഷേ അപ്പോള്‍ അവിടെ സിനിമ കാണാന്‍ ആരുമുണ്ടായിരുന്നില്ല. തീയറ്ററിന്റെ റപ്സന്ററ്റീവിനെ വിളിപ്പിച്ച് സിനിമയ്ക്ക് എത്തിയവരെക്കുറിച്ച് ചോദിച്ചു. മാറ്റിനിക്ക് 100 പേര് വന്നിരുന്നെന്നും 6.30 ന് ഫസ്റ്റ് ഷോ തുടങ്ങുമ്പോഴേക്കും ആളുകള്‍ എത്തുമെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. ഉഗ്രന്‍ പടമാ സാറേ എല്ലാവരും കരച്ചില്‍ ആയിരുന്നു എന്നും റപ്രസന്ററ്റീവ് അറിയിച്ചു.

തനിക്ക് പേടിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും നിര്‍മാതാവ് ഭയങ്കര കരച്ചിലായിരുന്നു. എല്ലാം പോയി ഒരിടത്തും ആളില്ല എന്നൊക്കെ പറഞ്ഞു. ആ പടം നാളെ തിയെറ്ററില്‍ നിന്നും മാറ്റും എന്നും പറഞ്ഞ്. എന്നാല്‍ ഓരോ ഷോയ്ക്കും ആളും കൂടും എന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞു. പലരേയും വിളിച്ചപ്പോഴും എല്ലാവരും പറഞ്ഞത് നല്ല പടമാണ് എന്തായാലും വിജയിക്കും എന്നായിരുന്നു. സിനിമയുടെ പരസ്യം തുടര്‍ന്നുകൊണ്ടിരുന്നു. പ്രമോഷന്റെ ഭാഗമായി മാരുതി കാറ് നല്‍കുന്നതിനെക്കുറിച്ച് ചിന്തിച്ചു. അന്ന് മാരുതി ഇറങ്ങിയ സമയമായതിനാല്‍ ഒരു മത്സരം വെച്ച് വിജയിക്ക് മാരുതി നല്‍കാനായിരുന്നു തീരുമാനം.

പിന്നീടാണ് തൂവാല തന്ത്രം ഉപയോഗിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് എടുക്കുമ്പോള്‍ കൂട്ടത്തില്‍ ആകാശദൂത് എന്ന് പ്രിന്റ് ചെയ്ത തൂവാല കൂടി കൊടുക്കണമെന്ന് ഞാന്‍ പറഞ്ഞു. കാരണം ആളുകള്‍ ഈ സിനിമ കണ്ട് ഇറങ്ങിവരുമ്പോള്‍ ഒരു കാര്യം പറയുന്നുണ്ട്. ‘കരഞ്ഞ് വല്ലാതായിപ്പോയി’. ആണുങ്ങള്‍ കര്‍ച്ചീഫ് പോലും ഇല്ലാതെ കരഞ്ഞ് കണ്ണുതുടക്കുന്ന കാഴ്ച. അങ്ങനെ ഈ കര്‍ച്ചീഫ് കൊണ്ട് പുറത്തിറഞ്ഞുന്ന പെണ്ണുങ്ങള്‍ അടുത്ത ആളുകളോട് സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങി. ‘ഇന്നലെ ഒരു സിനിമയ്ക്കുപോയി ആകാശദൂത്, കരഞ്ഞ് ഇടപാടു തീര്‍ന്നു, കര്‍ച്ചീഫ് തന്നതുകൊണ്ട് രക്ഷപ്പെട്ടെന്ന്’. അങ്ങനെ മൗത്ത് പബ്ലിസിറ്റി വര്‍ക്ക്ഔട്ട് ആയി. അങ്ങനെ 17 ാമത്തെ ദിവസം കേരളം മുഴുവന്‍ എല്ലാ തിയറ്ററും ഫുള്‍ ആയി. ചില തിയറ്ററുകളില്‍ നിന്ന് ആദ്യ ആഴ്ച തന്നെ പടം ഹോള്‍ഡ്ഓവര്‍ ആയിരുന്നു. അവരും പിന്നീട് സിനിമയ്ക്കായി എത്തി. പിന്നെ 150 ദിവസത്തോളം തുടര്‍ച്ചയായി ഓടി സൂപ്പര്‍ ഹിറ്റായി. സിബി മലയില്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment