നഴ്സുമാരുടെ സമരനീക്കം ഫലംകണ്ടു, മിനിമം വേതനം 20000 രൂപയാക്കി: സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാന സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി. നഴ്സുമാരുടെ വേതനം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമവിജ്ഞാപനം പുറത്തിറക്കി. എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാരുടെ മിനിമം വേതനം 20000 രൂപയാക്കി നിജപ്പെടുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. നഴ്സുമാര്‍ സമരം ചെയ്യേണ്ടതില്ലെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് യുഎന്‍എ , ഐഎന്‍എ ഭാരവാഹികള്‍ അറിയിച്ചു. വിശദാംശങ്ങള്‍ അറിഞ്ഞശേഷം പ്രതികരിക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ശമ്പളവര്‍ധനവ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നഴ്സുമാര്‍ നാളെമുതല്‍ ലോങ് മാര്‍ച്ച് നടത്താനിരിക്കേയാണ് സര്‍ക്കാര്‍ ഇടപെടല്‍. ശമ്പള,അലവന്‍സ് വര്‍ധന നടത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനത്തിന് എതിരെയുള്ള സ്റ്റേ ഹൈക്കോടതി നേരത്തെ നീക്കിയിരുന്നു. ശമ്പളപരിഷകരണവുമായി ബന്ധപ്പെട്ടുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത് ചൂണ്ടിക്കാട്ടി ആശുപത്രി മാനേജ്മെന്റുകളുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചിരുന്നത്.

pathram desk 2:
Related Post
Leave a Comment