നിയമകുരുക്ക് ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പ് പിന്‍വലിച്ചു

കൊച്ചി: കത്വയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ് പിന്‍വലിച്ചു. ആദ്യം പെണ്‍കുട്ടിയുടെ പേര് എഡിറ്റ് ചെയ്ത് മാറ്റുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയുമായിരുന്നു. കത്വയിലെ പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചവര്‍ക്കെതിരെ പോക്സോ കുറ്റം പോലും ചുമത്തിയ സാഹചര്യത്തിലാണ് നിയമകുരുക്കില്‍പ്പെടാതിരിക്കാന്‍ പിണറായി ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്.

കത്വയിലെ പെണ്‍കുട്ടിയുടെ പേരും ചിത്രവും പിണറായി വിജയന്‍ പരസ്യപ്പെടുത്തിയെന്നും അദ്ദേഹത്തിന് എതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഏപ്രില്‍ പതിമൂന്നിനായിരുന്നു പിണറായി വിജയന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇപ്പോള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റ് റിമൂവ് ചെയ്യുകയോ പ്രൈവസി സെറ്റിങ്സില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടെന്ന സന്ദേശമാണ് ലഭിക്കുന്നത്.

പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു.

ജമ്മു കാശ്മീരില്‍ എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാര്‍ പിച്ചിച്ചീന്തുക; കുറ്റവാളികള്‍ക്കു വേണ്ടി ജനപ്രതിനിധികള്‍ തെരുവിലിറങ്ങുക- രാജ്യം ഈ ”നല്ല ദിനങ്ങളെ ഓര്‍ത്ത് ലോകത്തിനു മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു’ (ആദ്യം ഇതില്‍ പെണ്‍കുട്ടിയുടെ പേരുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് എഡിറ്റ് ചെയ്ത് നീക്കം ചെയ്തു)

pathram:
Related Post
Leave a Comment