കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ക്കും അഭിനയിക്കാം!!! പുതുമുഖങ്ങളെ തേടി വിജയ് ബാബു

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ത്രില്ലടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന അറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഫെയ്‌സ്ബുക്കിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോട്ടയം, പത്തനം തിട്ട, എറണാകുളം ജില്ലകളില്‍ നിന്നുള്ള 17നും 26നും ഇടയിലുള്ള പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്കായി അന്വേഷിക്കുന്നത്.

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച സമയത്ത് ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. പഴയ സിനിമയുടെ പേര് ഉപയോഗിച്ച് രണ്ടാം ഭാഗം ഇറക്കാനാകില്ലെന്ന് സംവിധായകന്‍ ടി.എസ്.സുരേഷ് ബാബു പറഞ്ഞിരുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു.

എന്നാല്‍ പിന്നീട് ചിത്രത്തിന്റെ കോപ്പി റൈറ്റ്സ് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം ക്രിയാത്മക ചര്‍ച്ചയിലൂടെ പരിഹരിച്ചതായി നിര്‍മ്മാതാവ് വിജയ് ബാബു ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. മുമ്പ് പ്രഖ്യാപിച്ച പോലെ തന്നെ കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരില്‍ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 വിന്റെ വിജയാഘോഷവേളയിലാണ് കോട്ടയം കുഞ്ഞച്ചന്‍ 2 വിന്റെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിയായിരുന്നു ചിത്രം ഔദ്യോഗികമായി അനൗണ്‍സ് ചെയ്തത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

pathram desk 1:
Related Post
Leave a Comment