അടുത്തിടെ പൃഥ്വിരാജ് മൂന്ന് കോടിയോളം രൂപ വരുന്ന ലംബോര്‍ഗിനി വാങ്ങിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അതിനേക്കാള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് കാറിനെക്കുറിച്ചുള്ള മല്ലിക സുകുമാരന്റെ പ്രതികരണമാണ്. ഒരു ആഭിമുഖത്തില്‍ കാറിനെ കുറിച്ചുള്ള ചോദ്യത്തിന് മല്ലികാ സുകുമാരന്‍ പറഞ്ഞ മറുപടി ട്രോളര്‍മാര്‍ ആഘോഷിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്ക് കാര്‍ കൊണ്ടുവരാന്‍ പറ്റില്ലെന്നും റോഡ് മോശമാണെന്നും മല്ലിക ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ട്രോളര്‍മാര്‍ ഏറ്റെടുത്തു. പിന്നീട് മല്ലികയെ പിന്തുണച്ചു തള്ളിപ്പറഞ്ഞും നിരവധിപ്പേര്‍ രംഗത്തെത്തി. ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് മല്ലിക.
മല്ലിക സുകുമാരന്റെ വാക്കുകള്‍:
ലംബോര്‍ഗിനി കാറിന്റെ ഉടമ ഞാനല്ല. അതെന്റെ മകന്‍ വാങ്ങിയ കാറാണ്. മകന്‍ കാര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അവനും അവന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ഉള്ളതാണ്. ലംബോര്‍ഗിനിയെക്കുറിച്ച് സംസാരിച്ചത് സോഷ്യല്‍മീഡിയ വന്‍ ചര്‍ച്ചാ വിഷയമാക്കി. അതുകൊണ്ട് ഞാന്‍ വലിയ താരവുമായി.
എന്തെങ്കിലും സീരിയലും കണ്ട് സീരിയലില്‍ അഭിനയിച്ചും ഇടയ്ക്ക് ദോഹയില്‍ പോയും സമയം കഴിച്ചുപോയ എന്നെ പെട്ടെന്ന് എല്ലാവരും ചേര്‍ന്ന് സൂപ്പര്‍താരമാക്കി. ”അടുത്ത കാലത്ത് പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങി. ചേച്ചി ആ വണ്ടി ഇവിടെ വന്നോ, ചേച്ചി കണ്ടോ, അതില്‍ കേറി യാത്ര ചെയ്തോ” എന്നാണ് അഭിമുഖം ചെയ്തയാള്‍ എന്നോട് ചോദിച്ചത്. ഞാന്‍ വണ്ടി കണ്ടു, യാത്ര ചെയ്തില്ല. റോഡ് പ്രശ്നമായതിനാല്‍ തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാണ് ഞാന്‍ പറഞ്ഞത്.
ശരിക്കും എനിക്ക് ട്രോളര്‍മാരോട് സ്നേഹമുണ്ട്. ഞാന്‍ താരമായെങ്കിലും എനിക്ക് ഒരപേക്ഷയുണ്ട്. സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെ അവര്‍ ശബ്ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആള്‍ക്കാരുടെ നേര്‍ക്കല്ല. എന്നെ ട്രോളിയതില്‍ പ്രശ്നമില്ല. എനിക്ക് പ്രായമായി. ഇതൊക്കെ കേള്‍ക്കാനും വായിക്കാനും എനിക്ക് ഇഷ്ടമാണ്.
ട്രോള്‍ കണ്ട് നിരവധിപ്പേര്‍ മെസേജ് ചെയ്തു. സിനിമാക്കാര്‍ക്ക് ഫാന്‍സ് ഉണ്ട്, രാഷ്ട്രീയക്കാര്‍ക്ക് അവരുടേതായ കുറേ അണികള്‍ കാണും. പക്ഷേ ഇതൊന്നും അല്ലാതെ, ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരമ്മ ജനത്തിനെ കൊണ്ട് ട്രോളുകാര്‍ക്കെതിരെ പ്രതികരിപ്പിച്ച ആദ്യത്തെ താരമാണ് മല്ലിക ചേച്ചി എന്നാണ് എല്ലാവരും പറഞ്ഞത്.
ട്രോള്‍ വന്ന കാര്യം ആദ്യം എന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണ്. ഞാന്‍ ലംബോര്‍ഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് വന്നതെന്ന് പൃഥ്വി പറഞ്ഞു. ഓ പൊങ്ങച്ചമാണെങ്കില്‍ പൊങ്ങച്ചം. അമ്മ തന്നെയല്ലെ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ എന്ന് ഞാനും മറുപടി നല്‍കി. പക്ഷേ ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് ഞാന്‍ കരുതിയില്ല.
എന്റെ പൂര്‍ണ പേര് മോഹമല്ലികയാണ്. എനിക്ക് രണ്ട് സഹോദരിമാരുണ്ട്. അവരുടെ പേര് പ്രേമ ചന്ദ്രിക, രാഗ ലതിക എന്നാണ്. അച്ഛന് പ്രായമായപ്പോള്‍ ഞങ്ങള്‍ പറഞ്ഞു ‘ എന്റെ അച്ഛാ, ഞങ്ങള്‍ക്കും വയസായി. ഇനിയിപ്പോള്‍ പ്രേമവും രാഗവും മോഹവും വേണ്ട. ചന്ദ്രിക, ലതിക, മല്ലിക മതി. പിന്നെ ഭര്‍ത്താക്കന്മാര്‍ ആരാണോ അവരുടെ പേര് ചേര്‍ക്കാം’.അങ്ങനെയാണ് മല്ലിക സുകുമാരന്‍ ആയത്.
Leave a Comment