കൊച്ചി: കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മാണം പുരോഗമിച്ചുകൊണ്ടിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രണ്ടാംനില വരെ പണിഞ്ഞ ‘പോത്തീസി’ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്കു പതിച്ചത്. മൂന്നാമത്തെ നില പണിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണത്തൊഴിലാളികള്‍ സ്ഥലത്തില്ലാത്തതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
30 മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞുവീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ.സി.ബി.കളും മണ്ണിനടിയിലായി.
അതേസമയം മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതവും വഴിതിരിച്ചുവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ മാത്രമെ മെട്രോ സര്‍വീസ് നടത്തുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കെട്ടിടത്തിനു സമീപത്തു നിന്നും റോഡരികില്‍ നിന്നും മണ്ണിടിഞ്ഞുവരുന്നത് തുടരുകയായിരുന്നു. റോഡിന്റെ തൊട്ടരികില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്താണ് മെട്രോയുടെ തൂണുകളുള്ളത്. മണ്ണിടിച്ചില്‍ കൂടുന്നത് സമീപത്തെ കെട്ടിടങ്ങളുടെ നിലനില്‍പ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തമുണ്ടായതെന്ന് അറിവായിട്ടില്ല. കൂടുതല്‍ നാശനഷ്ടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Leave a Comment