മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വീഡിയോ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു!!! അയല്‍വാസിയും സുഹൃത്തുക്കളും പിടിയില്‍

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ പീഡനങ്ങളുടെ ഞെട്ടലില്‍ നിന്ന് രാജ്യം മാറുന്നതിനു മുന്നേ ഡല്‍ഹിയില്‍ വീണ്ടും പെണ്‍കുട്ടിയ്ക്ക് നേരെ ക്രൂര പീഡനം. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മാനസിക വൈകല്യമുള്ള 12 വയസുകാരിയെ അയല്‍വാസിയും സുഹൃത്തുക്കളും ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു. സംഭവത്തില്‍ 3 പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ അയല്‍വാസിയായ ബണ്ടിയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയെ ഒരു കമ്മ്യൂണിറ്റി സെന്ററിലേക്ക് ബണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കുട്ടിയെ പീഡനത്തിനിരയാക്കി. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ വീഡിയോ എടുത്തു. ഈ വീഡിയോയില്‍ നിന്നാണ് പീഡനം നടന്ന സ്ഥലം പൊലീസ് മനസിലാക്കിയത്.

പോസ്‌കോ നിയമപ്രകാരമാണ് ബണ്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐപിഎസി, ഐടി നിയമപ്രകാരമാണ് സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്തത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബണ്ടിയുടെ വീട്ടുകാര്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

”നാട്ടില്‍ വലിയ സ്വാധീനമുള്ളവരാണ് ബണ്ടിയും കുടുംബവും. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഈ നാട് തന്നെ വിട്ടുപോകണമെന്നാണ് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നത്”, പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

കത്വയില്‍ 8 വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പേരില്‍ രാജ്യത്തുടനീളം പ്രതിഷേധങ്ങളും പ്രകടനങ്ങളും തുടരുമ്പോഴും കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് അറുതിയില്ലെന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന ബലാത്സംഗക്കേസുകള്‍.

pathram desk 1:
Related Post
Leave a Comment