തമിഴ് സിനിമാ മേഖലയില്‍ 45 ദിവസമായി നടന്നു വന്നസമരം അവസാനിച്ചു; സിനിമകള്‍ ഉടന്‍ റിലീസ് ചെയ്യും

തമിഴ് സിനിമാ മേഖലയില്‍ കഴിഞ്ഞ 45 ദിവസമായി നടന്നു വന്നസമരം അവസാനിച്ചു. ഡിജിറ്റല്‍ സര്‍വീസ് ചാര്‍ജ്, വിഷ്വല്‍ പ്രിന്റ് ഫീസ് തുടങ്ങിയവ ഉയര്‍ത്തിയതിനെതിരെ ആയിരുന്നു സമരം. മന്ത്രി കടമ്പൂര്‍ രാജുവിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളും ഡിജിറ്റല്‍ നിര്‍വാഹകരും സിനിമാ നിര്‍മ്മാതക്കളും നടത്തിയ ചര്‍ച്ച വിജയിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ തയാറായത്.
സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമാ ഷൂട്ടിങ് രണ്ട് ദിവസത്തിനകം തുടങ്ങാമെന്നും ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.
ഓണ്‍ലൈന്‍ ടിക്കറ്റിന് പ്രേക്ഷകരില്‍ നിന്നും വാങ്ങുന്ന ചാര്‍ജ് കുറയ്ക്കണം. കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റിങ് ഏര്‍പ്പെടുത്തണം എന്നിവയാണ് പ്രൊഡ്യൂസര്‍ കൗണ്‍സിലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാല്‍ ഇക്കാര്യം തിയേറ്റര്‍ ഉടമകള്‍ നേരത്തെ സമ്മതിച്ചിരുന്നില്ല. എന്നാല്‍ സിനിമയുടെ ബഡ്ജറ്റ് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്താമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി. ഏതെരു സിനിമ റിലീസാകുമ്പോഴും പ്രൊഡ്യൂസര്‍മാരും തിയേറ്റര്‍ ഉടമകളും ചേര്‍ന്ന് നിരക്ക് തീരുമാനിക്കുമെന്ന് പ്രൊഡ്യൂസര്‍ കൗണ്‍സിലര്‍ പ്രസിഡന്റ് വിശാല്‍ അറിയിച്ചു.
സമരം തുടങ്ങിയതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്യാതെ പെട്ടിയിലായത്. കഴിഞ്ഞ ദിവസം പ്രഭുദേവയുടെ മെര്‍ക്കുറി തമിഴ്നാട്ടില്‍ റിലീസ് ചെയ്യാതെ മറ്റെല്ലാ ഭാഗങ്ങളിലും റിലീസ് ചെയ്തിരുന്നു. രജനികാന്ത് നായകനായ കാല ജൂണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pathram:
Related Post
Leave a Comment