അവസാന പന്തില്‍ സിക്‌സറടിച്ച് വീണ്ടും ധോണി; എന്നിട്ടും ചെന്നൈയ്ക്ക് തോല്‍വി

ചണ്ഡിഗഡ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് നാലു റണ്‍സ് ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോരാട്ടം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു. അവസാന പന്തുവരെ അസാമാന്യ പോരാട്ടവീര്യം പ്രകടമാക്കിയ ചെന്നൈ ക്യാപ്റ്റന്‍ ധോണി, 44 പന്തില്‍ ആറു ബൗണ്ടറിയും അഞ്ചു സിക്‌സും ഉള്‍പ്പെടെ 79 റണ്‍സുമായി പുറത്താകാതെ നിന്നു. മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈയ്ക്ക് വിജയത്തിലേക്ക് 17 റണ്‍സ് വേണ്ടിയിരുന്നെങ്കിലും അവസാന പന്തില്‍ ധോണി നേടിയ സിക്‌സ് ഉള്‍പ്പെടെ 12 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ഈ സീസണില്‍ ചെന്നൈയുടെ ആദ്യ തോല്‍വിയാണിത്. പഞ്ചാബിന്റെ രണ്ടാം ജയവും. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ ഷെയ്ന്‍ വാട്‌സന്‍ പുറത്ത്. ഒന്‍പതു പന്തില്‍ രണ്ടു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത വാട്‌സിനെ മോഹിത് ശര്‍മ പുറത്താക്കി. പിന്നാലെ സീസണിലാദ്യമായി അവസരം ലഭിച്ച മുരളി വിജയും മടങ്ങി. 10 പന്തില്‍ ഒരു സിക്‌സുള്‍പ്പെടെ 12 റണ്‍സെടുത്ത വിജയിനെ ആന്‍ഡ്രൂ ടൈയാണ് പുറത്താക്കിയത്.

കഴിഞ്ഞ മല്‍സരത്തിലെ കേമന്‍ സാം ബില്ലിങ്‌സും കാര്യമായ പോരാട്ടം കൂടാതെ മടങ്ങുമ്പോള്‍ ചെന്നൈ സ്‌കോര്‍ 6.4 ഓവറില്‍ മൂന്നു വിക്കറ്റിന് 56 റണ്‍സ്. എന്നാല്‍, നാലാം വിക്കറ്റില്‍ ഒരുമിച്ച അമ്പാട്ടി റായിഡു-ധോണി സഖ്യം ചെന്നൈയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടു വന്നു. അതിവേഗം സ്‌കോര്‍ ചെയ്ത ഇരുവരും നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടും തീര്‍ത്തു. 57 റണ്‍സായിരുന്നു ഇരുവരുടെയും സമ്പാദ്യം.

സ്‌കോര്‍ 113ല്‍ നില്‍ക്കെ റായിഡു റണ്ണൗട്ടായതാണ് മല്‍സരത്തില്‍ നിര്‍ണായകമായത്. 35 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 49 റണ്‍സെടുത്ത റായിഡുവിനെ അശ്വിനാണ് പുറത്താക്കിയത്. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ധോണി വീണ്ടും പൊരുതി. അഞ്ചാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 50 റണ്‍സ്. 13 പന്തില്‍ ഒന്നുവീതം ബൗണ്ടറിയും സിക്‌സും പായിച്ച ജഡേജ 19-ാം ഓവറില്‍ പുറത്തായെങ്കിലും ചെന്നൈ പ്രതീക്ഷയിലായിരുന്നു. ക്രീസിലെത്തുന്നത് ബ്രാവോയാണല്ലോ.

എന്നാല്‍, ബ്രാവോയും ധോണിയും ക്രീസില്‍ നില്‍ക്കുന്നതിന്റെ സമ്മര്‍ദ്ദമേതുമില്ലാതെ അവസാന ഓവര്‍ എറിഞ്ഞ മോഹിത് ശര്‍മയാണ് ചെന്നൈയുടെ കയ്യകലത്തെത്തിയ വിജയം പഞ്ചാബിന് പിടിച്ചുവാങ്ങി നല്‍കിയത്. ഈ ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണ്ടയിരുന്നെങ്കിലും ധോണിക്കും ചെന്നൈയ്ക്കും 12 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ സീസണിലെ രണ്ടാം ജയം കുറിച്ച് അശ്വിനും സംഘവും തിരിച്ചുകയറി. പഞ്ചാബിനായി ടൈ രണ്ടും മോഹിത് ശര്‍മ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ കരുത്തില്‍ കൂറ്റന്‍ സ്‌കോറിലേക്കു കുതിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അവസാന ഓവറുകളില്‍ ചെന്നൈ പിടിച്ചുകെട്ടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ ക്രിസ് ഗെയില്‍ 33 പന്തില്‍ ഏഴു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെ 63 റണ്‍സെടുത്തു.

ഒന്നാം വിക്കറ്റില്‍ ഗെയില്‍-രാഹുല്‍ സഖ്യം 97 റണ്‍സ് ചേര്‍ത്തതോടെ ഒരു ഘട്ടത്തില്‍ പഞ്ചാബ് 250 കടക്കുമെന്ന് തോന്നിച്ചെങ്കിലും, അവസാന ഓവറുകളിലെ നിയന്ത്രിത ബോളിങ്ങിലൂടെ ചെന്നൈ അവരെ 200നു താഴെ ഒതുക്കുകയായിരുന്നു. വെറും 48 പന്തുകളിലാണ് രാഹുല്‍-ഗെയില്‍ സഖ്യം 96 റണ്‍സെടുത്തത്. സ്‌കോര്‍ 96ല്‍ നില്‍ക്കെ രാഹുല്‍ പുറത്തായെങ്കിലും 8.4 ഓവറില്‍ പഞ്ചാബ് 100 കടന്നു. 22 പന്തില്‍ ഏഴു ബൗണ്ടറികളോടെ 37 റണ്‍സ് നേടിയ ശേഷമായിരുന്നു രാഹുലിന്റെ മടക്കം. രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം 31 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ ക്രിസ് ഗെയില്‍ പുറത്തായതാണ് പഞ്ചാബിന്റെ സ്‌കോര്‍ നിരക്കു കുറച്ചത്. 33 പന്തില്‍ ഏഴു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെ 63 റണ്‍സെടുത്ത ഗെയിലിനെ ഷെയിന്‍ വാട്‌സനാണ് പുറത്താക്കിയത്.

പിന്നീട് വന്നവര്‍ക്കാര്‍ക്കും സ്‌കോര്‍ നിരക്ക് ഉയര്‍ത്താനായില്ല. അഗര്‍വാള്‍ 19 പന്തില്‍ രണ്ടു സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 20 റണ്‍സെടുത്തു മടങ്ങി. കരുണ്‍ നായര്‍ 17 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്തു. യുവരാജ് സിങ് (13 പന്തില്‍ 20), അശ്വിന്‍ (11 പന്തില്‍ 14), ആരോണ്‍ ഫിഞ്ച് (0), ആന്‍ഡ്രൂ ടൈ (നാലു പന്തില്‍ പുറത്താകാതെ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ചെന്നൈയ്ക്കായി ഇമ്രാന്‍ താഹിര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ടും ഹര്‍ഭജന്‍ സിങ്, ഷെയ്ന്‍ വാട്‌സന്‍, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

pathram:
Related Post
Leave a Comment