ജയ്പൂര്‍: ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. രാജസ്ഥാനില്‍ റാലി സംഘടിപ്പിക്കാന്‍ എത്തിയപ്പോഴാണു സംഭവം. റാലിക്കു നിശ്ചയിച്ചിരുന്ന നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതിനെ തുടര്‍ന്നാണു മേവാനിയെ തടഞ്ഞതെന്നു പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ ഭരണഘടനയേയും ബാബാ സാഹബ് അംബേദ്കറിനെയും കുറിച്ചു സംസാരിക്കാന്‍ പോയ തന്നെ വിമാനത്താവളത്തില്‍ വച്ചു തടഞ്ഞുവെന്ന് ട്വിറ്ററിലൂടെ ജിഗ്‌നേഷ് മേവാനിയാണ് അറിയിച്ചത്. നാഗോര്‍ ജില്ലയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്ന ഉത്തരവില്‍ പൊലീസ് ഒപ്പുവയ്പ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തൊട്ടുപിന്നാലെ എത്തിയ ട്വീറ്റില്‍, ഇപ്പോള്‍ പൊലീസ് തന്നെ ജയ്പൂരില്‍ യാത്രചെയ്യാന്‍ പോലും അനുവദിക്കുന്നില്ലെന്നും അഹമ്മദാബാദിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിക്കുകയാണെന്നും പറയുന്നു. പത്രസമ്മേളനം വിളിക്കാന്‍ അവര്‍ സമ്മതിക്കുന്നില്ലെന്നും മേവാനി ചൂണ്ടിക്കാട്ടി.
അതേസമയം, ഈമാസം രണ്ടിനു നടന്ന ഭാരത് ബന്ദിനു പിന്നാലെ കൊണ്ടുവന്ന നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതു പറഞ്ഞുകൊണ്ടുള്ള നാഗോര്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് അദ്ദേഹത്തിനു കൈമാറിയിട്ടുണ്ട്. നിരോധനാജ്ഞയ്ക്കു ശേഷം അവിടെ എവിടെയും അദ്ദേഹത്തിനു സ്വതന്ത്രമായി സഞ്ചരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Leave a Comment