കൊല്‍ക്കത്ത: നൈറ്റ് റൈഡേഴ്‌സിന്റെ കരുത്തുറ്റ താരങ്ങളില്‍ ഒരാളാണ് ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍. ചെന്നൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ മിച്ചല്‍ കളത്തിലിറങ്ങിയിരുന്നില്ല. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെടുകയും ചെയ്തിരുന്നു. ഫിറ്റ്‌നസ് മോശമായതിനാലാണ് മിച്ചലിന് കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച് കളിക്കളത്തിന് പുറത്തിരുത്തിയത്.
ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത വിജയിച്ച ആദ്യ മത്സരത്തില്‍ മികച്ച ബൗളിംഗ് പ്രകടനമാണ് താരം പുറത്തെടുത്തത്. 4 ഓവര്‍ പന്തെറിഞ്ഞ് 30 റണ്‍സ് വഴങ്ങി ജോണ്‍സണ്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. എന്നാല്‍ അടുത്ത മത്സരത്തില്‍ മിച്ചല്‍ ജോണ്‍സണ്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തുകയാണ് കൊല്‍ക്കത്ത ബൗളിംഗ് കോച്ച് ഹീത്ത് സ്ട്രീക്ക്.
‘ കഴിഞ്ഞ മത്സരത്തില്‍ മിച്ചല്‍ ജോണ്‍സണ്‍ വിശ്രമത്തിലായിരുന്നു, എന്നാല്‍ അടുത്ത മത്സരത്തില്‍ അദ്ദേഹം തിരിച്ചെത്തുമെന്നും ബോളിംഗിന് കൂടുതല്‍ കരുത്താവുമെന്നും പ്രതീക്ഷയുണ്ട്, ചെന്നൈയ്‌ക്കെതിരെ വളരെ കടുത്ത മത്സരമായിരുന്നു, തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച് ശക്തമായി തിരിച്ചു വരും’ സ്ട്രീക്ക് പറഞ്ഞു.
നിരവധി മികച്ച താരങ്ങള്‍ ബെഞ്ചില്‍ ഇപ്പോഴും ഉണ്ടെന്ന് ഇന്ത്യന്‍ യുവതാരങ്ങളായ കമലേഷ് നാഗര്‍കോട്ടിയെയും ശിവം മാവിയെയും സൂചിപ്പിച്ച് സ്ട്രീക്ക് പറഞ്ഞു. ശനിയാഴ്ച്ച രാത്രി സണ്‍റൈസേഴ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.
Leave a Comment