ഫേസ്ബുക്ക് ആരംഭിച്ചത് ഞാനാണ്.. സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയും എന്റെതാണ്.. കേംബ്രിഡ്ജ് അനലിറ്റിക്കയെ വിശ്വസിച്ചുപോയത് തെറ്റായിപ്പോയി; ഏറ്റുപറച്ചിലുമായി സക്കര്‍ബര്‍ഗ്

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പുതിയ വിശദീകരണവുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ ബര്‍ഗ്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വ്യാപകമായി ചോരുന്നതില്‍ കഴിഞ്ഞ ദിവസം അദ്ദേഹം യു.എസ് സെനറ്റ് സമിതിക്കു മുമ്പാകെ മാപ്പ് പറഞ്ഞിരുന്നു.

‘ഫേസ്ബുക്ക് ആരംഭിച്ചത് ഞാനാണ്. അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയും എന്റെതാണ്. ഒരുഘട്ടത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയെ വിശ്വസിച്ചുപോയി’- സക്കര്‍ബര്‍ഗ് പറഞ്ഞു.

ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതും, പരസ്പര സംഘര്‍ഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നതിനെയും വേണ്ടത്ര രീതിയില്‍ പരിഗണിക്കാത്തത് സ്ഥാപനത്തിന്റെ തെറ്റാണ്. സെനറ്റു കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ച സാക്ഷി പത്രത്തിലാണ് സക്കര്‍ബര്‍ഗിന്റെ വിശദീകരണം.

അതേസമയം വിമര്‍ശനങ്ങള്‍ എല്ലാം താനെറ്റെടുക്കുന്നുവെന്നും ഫേസ്ബുക്ക് കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്നും സക്കര്‍ബര്‍ഗ് ഉറപ്പു നല്‍കി. അതോടൊപ്പം 2015 ല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഉപഭോക്താക്കളുടെ വിവരശേഖരണം നടത്തിയത് അറിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടത്തിയ വിവരശേഖരണം പിന്നീട് നടത്തില്ലെന്ന് കേബ്രിഡ്ജ് അനലിറ്റിക്ക വാക്ക് നല്‍കിയത് താന്‍ വിശ്വസിച്ചുവെന്നുമാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്. ആ വിശ്വാസമാണ് ഇപ്പോള്‍ നടന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി ഉപയോഗിച്ചതാണ് കേംബ്രിഡ്ജ് അനലിക്കയുമായി ബന്ധപ്പെട്ട് നടന്ന് പ്രധാന വിവാദം. അതിനു പിന്നാലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ബന്ധമുണ്ടെന്നും തെളിഞ്ഞു.

pathram desk 1:
Related Post
Leave a Comment