ന്യൂഡല്‍ഹി: ജാതി സംവരണത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഭാരത് ബന്ദ്. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്പൂര്‍, ഭാരത്പൂര്‍ എന്നിവിടങ്ങളിലും മധ്യപ്രദേശിലെ ഭോപ്പാല്‍, ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ എന്നിവിടങ്ങളിലുമാണ് 144 ഏര്‍പ്പെടുത്തിയത്.
അഞ്ചോ അതിലധികമോ ആളുകള്‍ കൂടിനില്‍ക്കുന്നതിന് വിലക്കുണ്ട്. ഭാരത്പൂരില്‍ ഏപ്രില്‍ 15 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ധര്‍ണകളോ റാലികളോ നടത്താന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമുള്ള ജാതി സംവരണം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ചില സംഘടനകള്‍ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായി സുരക്ഷ ഉയര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമസംഭവങ്ങളുണ്ടാല്‍ അതത് പ്രദേശങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുമാര്‍, എസ്പിമാര്‍ എന്നിവര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും കേന്ദ്രം വ്യക്തമാക്കി.
ഏപ്രില്‍ 2ന് നടന്ന ഭാരത് ബന്ദിനെ തുടര്‍ന്ന് 12ഓളം പേര്‍ മരിക്കുകയും വലിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കുന്നത്.
Leave a Comment