നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി; പതിവ് പോലെ സര്‍വ്വീസുകള്‍ നടത്തും, ജീവനക്കാരോട് ജോലിയ്ക്ക് ഹാജരാകാന്‍ എം.ഡിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി. തിങ്കളാഴ്ച പതിവ് പോലെ സര്‍വീസുകള്‍ നടത്തുമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. നാളെ ജോലിക്കെത്തുവാന്‍ ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യത ഉണ്ടെങ്കില്‍ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം.ഡി നിര്‍ദേശം നല്‍കി. ഉത്തരേന്ത്യയില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിവധ ദലിത് സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച സര്‍വീസ് നടത്തുമെന്ന് സ്വകാര്യബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന ഹര്‍ത്താലില്‍നിന്ന് പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

അതിനിടെ നാളത്തെ ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഹര്‍ത്താല്‍ പരാജയപ്പെടുത്തുമെന്ന പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്നും ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീകോടതി വിധി മറികടക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണം. ഈ ആവശ്യം ഉന്നയിച്ച് 25നു രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും ഗീതാനന്ദന്‍ പറഞ്ഞു. അതേസമയം ദളിത് സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

അതിനാല്‍ കനത്ത സുരക്ഷ പാലിക്കണം എന്ന നിര്‍ദേശം രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് കൈമാറും എന്നാണ് സൂചന. കൂടുതല്‍ പൊലീസിനെ വിന്യസിക്കണം എന്ന നിര്‍ദേശവും നല്‍കും. ദളിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചിരുന്നു. ഹര്‍ത്താലില്‍ പങ്കെടുക്കേണ്ടതില്ലെന്നും അന്ന് സാധാരണരീതിയില്‍ സര്‍വീസ് നടത്താനും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനം.

pathram desk 1:
Related Post
Leave a Comment