കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ സര്‍ക്കാറിന് തിരിച്ചടി, വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനകേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളേയും പുറത്താക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ഉത്തരവ് ലംഘിച്ചുവെന്നറിഞ്ഞാല്‍ കര്‍ശന നടപടിയെന്നും കോടതി അറിയിച്ചു. സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തു. നടപടി നിയമവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസ് പരിഗണിക്കുന്നത് നീട്ടി വെക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം രാവിലെ കോടതി തള്ളിയിരുന്നു. പ്രവേശനം അംഗീകരിച്ച് ഇന്നലെ നിയമസഭ ബില്ല് പാസാക്കിയിരുന്നു. ബില്ല് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം.

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളില്‍ 2016-17 കാലയളവില്‍ മാനദണ്ഡങ്ങള്‍ മറികടന്നാണ് 180 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രവേശനം റദ്ദാക്കി. ഈ തീരുമാനം ഹൈക്കോടതിയും സുപ്രിം കോടതിയും ശരിവച്ചു. പഠനം വഴിമുട്ടിയെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയതോടെ പിന്നീട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. ഈ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിം കോടതി പരിഗണിച്ചത്.

pathram desk 2:
Related Post
Leave a Comment