ദലിത് പ്രക്ഷോഭത്തിന് പിന്നില്‍ മായാവതിയാണെന്ന് ആരോപണം: എംഎല്‍എ അറസ്റ്റില്‍

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ദലിത് പ്രക്ഷോഭത്തിന് പിന്നില്‍ ബിഎസ്പി നേതാവ് മായാവതിയാണെന്ന് ആരോപണം. മീററ്റിലെ ഹസ്തിനപുര്‍ എംഎല്‍എയായ യോഗേഷ് വര്‍മയെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു്. കലാപത്തിന്റെ പ്രധാന ആസൂത്രകന്‍ അറസ്റ്റിലായ എംഎല്‍എ ആണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മന്‍സില്‍ സൈനി പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിന് മായാവതി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ദലിത് വിഭാഗക്കാര്‍ നടത്തിയ ഭാരത് ബന്ദില്‍ അഞ്ചു സംസ്ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ മീററ്റായിരുന്നു പ്രധാന സംഘര്‍ഷമേഖല. മീററ്റിലും മുസഫര്‍പൂരിലുമായി രണ്ടു പേര്‍ മരിച്ചു. നാല്‍പ്പത്തിയഞ്ചോളം പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. 200 റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ മീററ്റിലേക്കും ആഗ്ര, ഹാപുര്‍ എന്നിവിടങ്ങളലേക്കും അയച്ചിട്ടുണ്ട്.
പട്ടികജാതി/വര്‍ഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെയായിരുന്നു ദലിതര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തില്‍തന്നെ നിലനില്‍ക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളില്‍ ഉടന്‍ അറസ്റ്റ് നിബന്ധന ബാധകമല്ല. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുത്. ഉടന്‍ അറസ്‌റ്റെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഒട്ടേറെ നിരപരാധികളെ കുടുക്കിയതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

pathram:
Leave a Comment