25000 രൂപ നോക്കുകൂലിയ്ക്ക് പുറമെ അസഭ്യവര്‍ഷവും!!! പരാതിയുമായി നടന്‍

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയുടെ വീട്ടില്‍ സാധനങ്ങള്‍ ഇറക്കിയവര്‍ നോക്കു കൂലി വാങ്ങിയെന്ന് ആരോപണം. ഇറക്കിയവര്‍ക്ക് 16,000 രുപ കൊടുത്തത് പോരാതെ മൂന്നു യൂണിയനുകള്‍ ചേര്‍ന്ന് വാങ്ങിയത് 25,000 രൂപയാണെന്നാണ് താരം പറയുന്നത്. നോക്കി നിന്ന യൂണിയനുകള്‍ ബലമായാണ് പണം വാങ്ങിയതെന്നും ഇവര്‍ ചീത്ത വിളിച്ചെന്നും സുധീര്‍ കരമന വ്യക്തമാക്കി.

ചാക്ക ബൈപ്പാസിന് സമീപമാണ് സുധീര്‍ കരമന തന്റെ പുതിയ വീട് വയ്ക്കുന്നത്. ഇവിടേക്ക് കൊണ്ടുവന്ന മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂണിയനുകള്‍ തടഞ്ഞത്. മാര്‍ബിളും ഗ്രാനൈറ്റും വാങ്ങിയ കമ്പനിയില്‍ നിന്നുള്ള തൊഴിലാളികള്‍ തന്നെയാണ് ഇവ ഇറക്കാനായി എത്തിയത്.

അതിനായി 16,000 രൂപയും കമ്പനി സുധീറില്‍ നിന്ന് ഈടാക്കിയിരുന്നു. എന്നാല്‍, ലോഡുമായി വാഹനം സുധീറിന്റെ വീട്ടില്‍ എത്തിയപ്പോള്‍ യൂണിയന്‍കാര്‍ എത്തി നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യം 75,000 രൂപ ആവശ്യപ്പെട്ടു. എന്നാലിത് കൊടുക്കാന്‍ വീട് പണിയുടെ ചുമതല ഉണ്ടായിരുന്നവര്‍ തയ്യാറായില്ല.

തുടര്‍ന്ന് യൂണിയന്‍കാര്‍ ഇവരോട് മോശമായി സംസാരിച്ചു. പിന്നീട് വിലപേശലിനൊടുവില്‍ 25,000 രൂപ നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍, തുക വാങ്ങിയ യൂണിയന്‍കാര്‍ സാധനം ഇറക്കാതെ പോകുകയായിരുന്നു. ഇതോടെ കമ്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു.

താന്‍ തൊടുപുഴയില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നപ്പോഴാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്ന് സുധീര്‍ കരമന പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സുധീര്‍ പറഞ്ഞു. നോക്കുകൂലി വാങ്ങുന്നതിനെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശഖേരന്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment