കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. സ്‌കൂളിന് നേരെ കല്ലെറിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസിന്റേയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് പ്രക്ഷോഭകാരികളെ നിയന്ത്രിച്ചത്.
പാമ്പാടി പുളിക്കല്‍കവല പൊടിപാറയ്ക്കല്‍ ബിനു ബിന്ദു ദമ്പതികളുടെ മകനാണ് ബിന്റോ ഈപ്പന്‍. കഴിഞ്ഞ ദിവസമാണ് 9ാം ക്ലാസ് പരീക്ഷ അവസാനിച്ചത്. ഇതിന് ശേഷം സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ സ്‌കൂളിലേയ്ക്കു വിളിച്ചു വരുത്തി. കുട്ടി ഒന്‍പതാം ക്ലാസില്‍ പരാജയപ്പെട്ടതായും, മറ്റൊരു സ്‌കൂളിലേയ്ക്കു മാറ്റണമെന്നും പിതാവ് ബിനുവിനോട് ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ പാമ്പാടിയിലെയും പരിസരത്തെയും നിരവധി സ്‌കൂളുകളില്‍ അന്വേഷിച്ചെങ്കിലും ഒരിടത്തും അഡ്മിഷന്‍ ലഭിച്ചില്ല. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ സ്റ്റെയര്‍കേസിനടിയില്‍ ബിന്റോയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
അതേസമയം മാര്‍ക്ക് കുറവായതിന്റെ പേരില്‍ പള്ളിക്കത്തോട്ടെ സ്‌കൂളില്‍ നിന്നു പുറത്താക്കിയത് പന്ത്രണ്ട് കുട്ടികളെയാണെന്നാണ് ആരോപണം. നൂറു ശതമാനം വിജയം ഉറപ്പാക്കുന്നതിനായാണ് കുട്ടികളെ ഇത്തരത്തില്‍ സ്‌കൂളില്‍ നിന്നു പുറത്താക്കുന്നതെന്നാണ് ആക്ഷേപം.
Leave a Comment