‘എന്റെ പ്രാണന്റെ പാതി ഞാന്‍ കേരളത്തില്‍ വിട്ടാണ് പോവുന്നത്.. ഞാന്‍ തിരിച്ചുവരും’ മലയാളികള്‍ക്ക് ഒരുപിടി നല്ല ഓര്‍മകള്‍ സമ്മാനിച്ച് ‘സുഡാനി’ നൈജീരിയയിലേക്ക്

സൗബിന്‍ സാഹിര്‍ നായകനായി നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. മലയാളത്തില്‍ ആദ്യമായി ഒരു നൈജീരിയക്കാരന്‍ അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

മജീദ് (സൗബിന്‍ ഷാഹിര്‍) എന്ന ഫുട്ബോള്‍ പ്രാന്തന്റെ സെവന്‍സ് ഫുട്ബോള്‍ ടീമില്‍ കളിക്കാനെത്തുന്ന നൈജീരിയക്കാരനായി എത്തുന്ന നൈജീരിയന്‍ താരം സാമുവേല്‍ അബിയോള റോബിന്‍സണ് മികച്ച പ്രകടനത്തിലൂടെ നിരവധി ആരാധകരെയാണ് ലഭിച്ചത്.

നിലവില്‍ കേരളത്തില്‍ നിന്നും മടങ്ങിപ്പോയിരിക്കുകയാണ് സാമുവല്‍. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുളള ചിത്രം അദ്ദേഹം ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയിലെ കഥയെന്ന പോലെ ആരാധകരെ ഒന്നടങ്കം കരയിപ്പിച്ചാണ് അദ്ദേഹം പോവുന്നതെന്നാണ് ഫെയ്സ്ബുക്കില്‍ വരുന്ന കമന്റുകള്‍. ‘എന്റെ പ്രാണന്റെ പാതി ഞാന്‍ കേരളത്തില്‍ വിട്ടാണ് പോവുന്നത്. പാതി ഇന്ത്യന്‍ പൗരനായത് പോലെയാണ് എനിക്ക് തോന്നിപ്പോകുന്നത്, തിരിച്ചുവരും’, അദ്ദേഹം കുറിച്ചു.

‘ഡെസ്പറേറ്റ് ഹൗസ്!വൈവ്സ് ആഫ്രിക്ക’ എന്ന ടിവി സീരീസില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് സാമുവല്‍. ആദ്യമായി ഒരു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കറുത്ത വര്‍ഗക്കാരന്‍ താന്‍ ആണെന്ന് സാമുവല്‍ പറയുന്നു. നൈജീരിയയുടേയും ആഫ്രിക്കയുടേയും നേട്ടമാണ് താന്‍ ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിച്ചതോടെ സ്വന്തമായതെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ ഫുട്ബോള്‍ പശ്ചാത്തലത്തിലാണ് സുഡാനി ഫ്രം നൈജീരിയ ഒരുങ്ങിയത്. മലപ്പുറത്തുകാരനായ മജീദിന്റെ പ്രാദേശിക ടീമിന് പുത്തന്‍ ഉണര്‍വും വിജയങ്ങളും നല്‍കിയാണ് സാമുവലിന്റെ കടന്നുവരവ്. കുറെ സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്നങ്ങളും കാരണം വിഷമിക്കുന്ന മജീദിന് അയാള്‍ നേടി തന്ന വിജയങ്ങള്‍ ആശ്വാസമാകുന്നു.

സാമുവലിനു ആരാധകര്‍ ഉണ്ടാകുന്നു. ആഫ്രിക്കന്‍ ഗോത്രത്തില്‍ നിന്നുള്ള ഫുട്ബോള്‍ താരം സുഡാനില്‍ നിന്നുള്ള ആളാകും എന്ന ധാരണയില്‍ നാട്ടുകാര്‍ അയാളെ സുഡു എന്ന് വിളിക്കുന്നു. അങ്ങനെ വളരെ സന്തോഷത്തോടെ അയാളും മജീദും സുഹൃത്തുക്കളും ഫുട്ബോള്‍ കളിയുമായി നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടാകുന്നു.

അതിന്റെ തുടര്‍ച്ചകളും മജീദിന്റെയും സാമുവലിന്റെയും ജീവിതത്തില്‍ നടക്കുന്ന മാറ്റങ്ങളും ഒക്കെയാണ് സുഡാനി ഫ്രം നൈജീരിയ. സാമുവലും അയാള്‍ എത്തിപ്പെട്ട ഈ നാടും തമ്മിലുള്ള ബന്ധത്തിലൂടെ അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് ആയാളോടു തോന്നുന്ന സാഹോദര്യത്തിലൂടെയും ഇഴയടുപ്പത്തിലൂടെയും ആണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. 2013ലാണ് നൈജീരിയന്‍ സിനിമയിലേക്കുളള സാമുവലിന്റെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ടിവി സീരീസുകളില്‍ അദ്ദേഹം അഭിനയിച്ചു.

pathram desk 1:
Related Post
Leave a Comment