ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നു ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ആരോപിച്ചു . ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കപ്പെടുന്ന സാഹചര്യം ചര്‍ച്ചചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടെയും യോഗം (ഫുള്‍ കോര്‍ട്ട്) വിളിക്കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുള്ള കത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടു രാജ്യസഭയില്‍ നോട്ടിസ് നല്കാന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം പുരോഗമിക്കുന്നതിനിടെയാണു സര്‍ക്കാരിനെതിരെ നിലപാടെടുക്കാന്‍ ചീഫ് ജസ്റ്റിസിനുമേല്‍ ജുഡീഷ്യറിക്കുള്ളില്നിന്നു സമ്മര്‍ദമുണ്ടാകുന്നത്.
കര്‍ണാടകയിലെ പ്രിന്‍സിപ്പല്‍ ജില്ലാസെഷന്‍സ് ജഡ്ജി പി.കൃഷ്ണ ഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കണമെന്നു സുപ്രീം കോടതി കൊളീജിയം രണ്ടുതവണ ശുപാര്‍ശ ചെയ്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ല. പകരം, കൃഷ്ണ ഭട്ടിനെതിരെ ഒരു പ്രിന്‍സിപ്പല്‍ സിവില്‍ ജഡ്ജി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഈയിടെ കേന്ദ്ര നിയമമന്ത്രാലയം കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു നേരിട്ട് ആവശ്യപ്പെട്ടു.
ആരോപണങ്ങളില്‍ കഴമ്പില്ലെന്നു 2016ല്‍ തന്നെ കര്‍ണാടക ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് നല്കിയതായിരുന്നു. നിയമമന്ത്രാലയം ഹൈക്കോടതിക്കു നേരിട്ടു നിര്‍ദേശം നല്കാന് വ്യവസ്ഥയുമില്ല. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ 21ന് ആണു ജസ്റ്റിസ് ചെലമേശ്വര്‍, ചീഫ് ജസ്റ്റിസിനു കത്തെഴുതുന്നത്. തുടര്‍ന്ന്, അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കര്‍ണാടക ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയോടു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചതായാണു സൂചന.
സര്‍ക്കാരിന്റെ ഇടപെടലും സമീപനരീതിയും ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നു കര്‍ണാടകയിലെ ജഡ്ജിനിയമന പ്രശ്നം ഉദാഹരണമാക്കി കത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ വാദിക്കുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയും സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്നു കൊളീജിയം കഴിഞ്ഞ ജനുവരിയില്‍ ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല.
കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതിയിലെ മറ്റ് 22 ജഡ്ജിമാര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 12നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പത്രസമ്മേളനം നടത്തി അധികാര ദുര്‍വിനിയോഗ ആരോപണമുന്നയിച്ച നാലു സുപ്രീം കോടതി ജഡ്ജിമാരിലൊരാളാണു ജസ്റ്റിസ് ചെലമേശ്വര്‍.
Leave a Comment